തൃശൂര്‍ മൂന്നുമുറി പെട്രോള്‍ പമ്പില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി നാടുവിട്ട ഗുണ്ട കരിമണി വിനീത് കോയമ്പത്തൂരില്‍ അറസ്റ്റില്‍. പമ്പിലെ ഏറ്റമുട്ടലിനിടെയുണ്ടായ പരുക്കിന് ചികില്‍സിക്കാന്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുമ്പോഴാണ് ചാലക്കുടി പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.
പെട്രോള്‍ പമ്പില്‍ വണ്ടി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൃശൂര്‍ മൂന്നുമുറി സ്വദേശിയായ ദിലീപിന്റെ േദഹത്തേയ്ക്കു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഗുണ്ട കരിമണി വിനീത് സംഭവത്തിനു ശേഷം മുങ്ങി. ഏറ്റുമുട്ടലിനിടെ വിനീതിന്റെ തലയ്ക്ക് കല്ലുക്കൊണ്ട് അടിച്ചിരുന്നു. ഈ പരുക്കിന് ചികില്‍സിക്കാന്‍ പോയത് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍. കാരണം, തൃശൂര്‍ ജില്ലയിലോ സമീപപ്രദേശങ്ങളിലോ ചികില്‍സിച്ചാല്‍ പൊലീസ് പിടിക്കുമെന്ന് കണക്കുക്കൂട്ടി.
സ്വന്തം സ്കൂട്ടറിലാണ് മൂന്നുമുറിയില്‍ നിന്ന് കോയമ്പത്തൂര്‍ വരെ വിനീത് പോയത്. വധശ്രമക്കേസില്‍ നേരത്തെ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോള്‍ നിരവധി തടവുകാരുമായി ബന്ധമുണ്ടായിരുന്നു. ജയിലില്‍ നിന്ന് പുറത്തുള്ള ഇവരില്‍ ചിലരാണ് ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. വണ്ടി മാറ്റുന്നതിനെ ചൊല്ലി പെട്രോള്‍ പമ്പിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് പ്രകോപിപ്പിച്ചതെന്ന് വിനീത് പൊലീസിന് മൊഴിനല്‍കി. പോരാത്തതിന് മദ്യലഹരിയും.
സംഭവമുണ്ടായ ഉടനെ ദേഹത്തു തീയുമായി യുവാവ് തോട്ടില്‍ ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പതിനാറു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിനീതിനെതിരെ ഗുണ്ടാ നിയമം ചുമത്താനാണ് പൊലീസിന്റെ നീക്കം.
Leave a Reply