ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും പള്ളികളിലും എല്ലാം പരിശോധനകള്‍ തുടരുകയാണ്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.

കോടികണക്കിനു രൂപയുടെ പണം ഇടപാടുകള്‍ പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടത്തവേ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്റ്റാഫിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം തിരുവല്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ 70 കോടി രൂപയുമായി കടന്നു കളഞ്ഞതായി വിവരം ഉണ്ട്.

ഇയാള്‍ ഈ പണവുമായി മുങ്ങിയത് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയ ശേഷമായിരുന്നു. തിരുവല്ലയില്‍ പരിശോധനയ്ക്കിടയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 50 ലക്ഷം രൂപ പിടിച്ചെടുത്തത്.

ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പോലീസിനോട് ഇടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.

ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.