ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പെട്രോൾവില അതിരൂക്ഷമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഫ്യൂവൽ ഡ്യൂട്ടിയിലുള്ള കുറവുകൾ പെട്രോൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുവാൻ കോംപറ്റീഷൻ & മാർക്കറ്റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിസിനസ്‌ സെക്രട്ടറി ക്വാസി ക്വർടെങ്. ജനങ്ങൾ വളരെയധികം രോഷാകുലരാണെന്നും വിവിധ പെട്രോൾ സ്റ്റേഷനുകളിൽ വിലകളിൽ വ്യത്യാസമുണ്ടോയെന്ന് കൃത്യമായി കണ്ടെത്തണമെന്നും ബിസിനസ് സെക്രട്ടറി കോമ്പറ്റീഷൻ & മാർക്കറ്റ് അതോറിറ്റിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ഒരു സാധാരണ വീട്ടിലെ കാർ നിറയ്ക്കുന്നതിന് 100 പൗണ്ട് തുക എന്ന രീതിയിൽ എത്തിച്ചേർന്നിരിക്കുകയാണ് പെട്രോളിന്റെ വില. ഈ വർഷം അവസാനം സാമ്പത്തികമാന്ദ്യം ഉണ്ടാകുമെന്ന ഭീതിയും ബ്രിട്ടണിൽ നിലനിൽക്കുന്നുണ്ട്. പെട്രോൾ വിലകളിൽ സുതാര്യത കൊണ്ടുവരാനുള്ള ഗവൺമെന്റ് നീക്കം അംഗീകരിക്കുന്നതായി പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സി എം എ യുടെ എല്ലാം നടപടികളോടും സഹകരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫെബ്രുവരിയിൽ റഷ്യ- ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെയാണ് ബ്രിട്ടനിൽ പെട്രോൾവില വർദ്ധിക്കുവാൻ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ പ്രകാരം 55 ലിറ്റർ ടാങ്ക് നിറയ്ക്കുന്നതിന് പെട്രോളിന് 100.27 പൗണ്ടും, ഡീസലിന് 103.43 പൗണ്ടുമായിരിക്കുകയാണ്. ഫ്യൂവൽ ഡ്യൂട്ടി കുറച്ചിട്ടും പെട്രോൾ വിലയിൽ കാര്യമായ കുറവില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ പെട്രോൾ സ്റ്റേഷനുകളിൽ കൂടുതൽ ചാർജുകൾ ഈടാക്കുന്നുണ്ടോ എന്ന് വ്യക്തമായി അന്വേഷിക്കണമെന്ന് ബിസിനസ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ഏഴോടുകൂടി റിപ്പോർട്ട് സമർപ്പിക്കുവാൻ ബിസിനസ്‌ സെക്രട്ടറി ആവശ്യപ്പെട്ടു കഴിഞ്ഞു. മാർച്ചിൽ ഗവൺമെന്റ് ഫ്യൂവൽ ഡ്യൂട്ടിയിൽ കുറവുകൾ വരുത്തിയപ്പോൾ തന്നെ തങ്ങളും അത് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നും, ഹോൾസെയിൽ വിലകളിൽ വരുന്ന വർധനവാണ് ഇപ്പോഴും പെട്രോൾ വിലകൾ കൂടി നിൽക്കാൻ കാരണമെന്ന് പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് നിരവധി തവണ ബിസിനസ് സെക്രട്ടറിയുമായി കൂടിക്കാഴ്ചകൾ നടത്തുവാൻ തങ്ങൾ ശ്രമിച്ചെങ്കിലും തങ്ങളുടെ അപേക്ഷകൾ കൈക്കൊണ്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു.