ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ബോറിസ് ജോൺസൺ ആണോ ജെറമി ഹണ്ട് ആണോ ബ്രിട്ടൻ തുടർന്ന് ഭരിക്കുന്നതെന്നറിയാൻ ലോക ജനത കാത്തിരിക്കുകയാണ്. കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് ബോറിസ് ജോൺസനാണ്. എന്നാൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായാൽ താൻ രാജിവെക്കുമെന്ന് ധനകാര്യ മന്ത്രിയും ചാൻസലറുമായ ഫിലിപ്പ് ഹാമ്മൻഡ് ബിബിസിയുടെ ‘ ദി ആൻഡ്രൂ മാർ ഷോയിൽ’ പറയുകയുണ്ടായി. അതെ ഷോയിൽ തന്നെ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്കും താൻ രാജി വെക്കുമെന്ന് അറിയിച്ചു. ഒരു കരാർ ഇല്ലാതെ തന്നെ ഒക്ടോബർ 31 കൊണ്ട് ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൺ അറിയിച്ചത്. എന്നാൽ ഇതിനെ വിമർശിച്ച് ഹാമ്മൻഡ് പറഞ്ഞു “ഒരു നോ ഡീൽ ബ്രെക്സിറ്റിന് ഞാൻ ഒരിക്കലും മുൻകൈ എടുക്കില്ല. ” ബ്രെക്സിറ്റിന്റെ കാര്യത്തിൽ ഭാവി പ്രധാനമന്ത്രിയ്ക്കും ചാൻസലറിനും ഒരേ മനസ്സായിരിക്കണമെന്നും അതിനനുസരിച്ച് ഞാൻ എന്റെ പദ്ധതികൾ തയ്യാറാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 23ന് തെരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ താൻ കാത്തിരിക്കുമെന്നും തെരേസ മേ രാജിവെക്കുന്നതോടൊപ്പം താനും രാജി വെക്കാൻ ആഗ്രഹിക്കുന്നെന്നും ഹാമ്മൻഡ് പറഞ്ഞു. ജെറമി ഹണ്ട് വിജയിച്ചാൽ രാജിവെക്കുമോ എന്ന ചോദ്യത്തിന് ഹാമ്മൻഡ് പ്രതികരിച്ചത് ഇപ്രകാരം ആയിരുന്നു. ” ബ്രെക്സിറ്റ് വിഷയത്തിൽ ഹണ്ടിന്റെ തീരുമാനങ്ങൾ വ്യക്തമല്ല. കരാർ ആവശ്യമുണ്ടോ ഇല്ലയോ എന്നൊന്നും ഹണ്ട് പറഞ്ഞിട്ടില്ല. ”
ഒരു പുതിയ ബ്രെക്സിറ്റ് ഡീൽ കൊണ്ടുവന്നാൽ രണ്ട് പേരിൽ ആരായാലും പിന്തുണയ്ക്കാൻ താൻ തയ്യാറാണെന്നും ഹാമ്മൻഡ് അഭിപ്രായപ്പെട്ടു. ഹാമ്മൻഡ് എപ്പോഴും നോ ഡീൽ ബ്രെക്സിറ്റിനെ വിമർശിച്ചാണ് രംഗത്തെത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം ഓബിആറിന്റെ റിപ്പോർട്ടുകൾ വന്നപ്പോഴും ഒരു നോ ഡീൽ ബ്രെക്സിറ്റ്, ബ്രിട്ടനെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31ന്ന് കൊണ്ട് തന്നെ ഡീൽ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ പ്രധാനമന്ത്രിയ്ക്ക് എതിരെ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്തുമോ എന്ന ചോദ്യത്തിന് താൻ അതിലേക്കൊന്നും കടക്കുന്നില്ല എന്നതായിരുന്നു മറുപടി. ജോൺസന്റെ കീഴിൽ ഹാമ്മൻഡ് ജോലി ചെയ്യില്ല എന്ന് പറഞ്ഞത് ആശ്ചര്യപ്പെടുത്തുന്ന കാര്യം അല്ലെങ്കിലും ലൈവ് ആയിട്ട് ഒരു ചാനൽ പരിപാടിയിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അത് വിരൽ ചൂണ്ടുന്നത് കൺസേർവേറ്റിവ് പാർട്ടിയിലെ ടോറി അംഗങ്ങളുടെ ഇടയിലെ പ്രശ്നങ്ങളിലേക്ക് കൂടിയാണ്. അതിനാൽ വരുന്ന പ്രധാനമന്ത്രിയ്ക്ക് ബ്രെക്സിറ്റ് പ്രശ്നം പരിഹരിക്കുക എന്നത് മാത്രമല്ല, സ്വന്തം പാർട്ടിയിലെ അംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകുക എന്ന വലിയ ദൗത്യവും കൂടി നിർവഹിക്കേണ്ടതുണ്ട്.
ഒരു കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് ഒരിക്കലും പ്രശ്നപരിഹാരം ആവില്ലെന്ന് പ്രതിരോധ മന്ത്രി ജോബിയസ് എൽവുഡും അറിയിച്ചു. താൻ ജോൺസന്റെ കീഴിൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ടോറി എംപിമാർക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ പാർട്ടിക്കെതിരെ പോകാതെ രാജി വെയ്ക്കണമെന്ന് മുൻ ടോറി പാർട്ടി നേതാവ് ഇയാൻ ഡങ്കൻ സ്മിത്തും അഭിപ്രായപ്പെട്ടു. അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ജൂലൈ 23 ന് അറിയാൻ സാധിക്കും. അദ്ദേഹം എപ്രകാരം ബ്രെക്സിറ്റ് വിഷയം കൈകാര്യം ചെയ്യുമെന്ന് ബ്രിട്ടൻ ഉറ്റുനോക്കുകയാണ്.
Leave a Reply