ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു വേദികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പ്രിയങ്കരനായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. പ്രസംഗം മാത്രമല്ല, താന്‍ പറഞ്ഞതെല്ലാം പ്രവൃത്തിയിലൂടെ തെളിയിക്കാനും വലിയ മെത്രാപ്പോലീത്തയ്ക്കായി.
ഒരുദിവസം ഏഴു വേദികളിൽവരെ പ്രധാന പസംഗകന്റെ റോളിൽ തിളങ്ങിയ ചരിത്രമുണ്ട് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക്. മാര്‍ത്തോമ്മാ സഭാതലവനായിരുന്ന എട്ടുവര്‍ഷം തിരുവല്ല നഗരത്തിലും പരിസരങ്ങളിലും മാത്രം അഞ്ഞൂറിലധികം വേദികളിൽ അദേഹത്തിന്‍റെ സാന്നിധ്യമുണ്ടായി. കേള്‍വിക്കാര്‍ പത്തായാലും പതിനായിരമായാലും വേദികൾ മാർ ക്രിസോസ്‌റ്റത്തിന് ഒരുപോലെയായിരുന്നു. പ്രധാന വ്യക്‌തികൾ തിരുവല്ലയിൽ വന്നാൽ മാർ ക്രിസോസ്‌റ്റത്തെ കാണാതെ മടങ്ങില്ലായിരുന്നു. പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും വ്യത്യസ്‌തനായിരുന്നു വലിയ മെത്രാപ്പോലീത്ത. റയിൽവേ കോളനിയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭവനം നിർമിക്കാനായി ‘ലാൻഡ്‌ലെസ് ആൻഡ് ഹോംലെസ് പദ്ധതി’ ആവിഷ്‌കരിച്ചു. വീടില്ലാതിരുന്ന നാടോടിബാലന്‍ സുബ്രഹ്‌മണ്യന് മനോഹരമായ വീട് നിർമിച്ചുനൽകി. ഉന്നതവിദ്യാഭ്യാസം ആഗ്രഹിച്ച മുസ്‌ലിം പെൺകുട്ടിക്ക് എൻട്രൻസ് പഠനത്തിനായി ക്രമീകരണങ്ങൾ ചെയ്‌തു.
നവതിയുടെ ഭാഗമായി 1500 വീടുകളാണ് നിർമിച്ചുനൽകിയത്. ഓണവും ക്രിസ്‌മസും എത്തുമ്പോൾ പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു എന്നും ക്രിസോസ്‌റ്റം തിരുമേനി. അവരോടൊപ്പം ഭക്ഷണം കഴിച്ച് വസ്‌ത്രങ്ങൾ വാങ്ങി നൽകി ആഘോഷവേളയെ അർഥപൂർണമാക്കി.വലിയമെത്രാപ്പോലീത്തയെന്നാണ് ഏവരും വിളിച്ചിരുന്നതെങ്കിലും ചെറിയ മനുഷ്യര്‍ക്കിടയിലാണ് പലപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത്. സഭൈക്യം അദ്ദേഹത്തിന്‍റെ മുന്‍ഗണനകളില്‍ ഒന്നായിരുന്നു. അമിതമായ പ്രകൃതിചൂഷണം, പരിസ്ഥിതിക്കെതിരായ തിന്‍മകള്‍ എന്നിവയ്ക്കെതരെയുള്ള പ്രതികരണങ്ങള്‍ കടുത്തതായിരുന്നു. കേവലം തമാശപറഞ്ഞ് പ്രസംഗിച്ച് ആളെ കൈയിലെടുക്കുന്ന ഒരാള്‍മാത്രമാകാന്‍ ഒരിക്കലും മാര്‍ ക്രിസോസ്റ്റം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒട്ടേറെ സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാളാണ് കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആചരിച്ച ക്രൈസ്തവസഭാ ആചാര്യന്‍ തുടങ്ങി അനേകം വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് മാത്രം സ്വന്തമാണ്.
ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ജനഹൃദയങ്ങളില്‍ എന്നുംനിറഞ്ഞുനില്‍ക്കുന്ന സുവര്‍ണനാവുകാരന്‍. ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപായിരുന്ന അപൂർവ നേട്ടത്തിന് ഉടമ, മലങ്കര മാര്‍ത്തോമ്മാസഭയുടെ ആത്മീയാചാര്യന്‍ തുടങ്ങി വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് നിരവധിയാണ്. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരവര്‍പ്പിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതിലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
1918 ഏപ്രിൽ 27നായിരുന്നു ജനനം, മാർത്തോമ്മാ സഭയുടെ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയും ശോശാമ്മയുമാണ് മാതാപിതാക്കള്‍. ധര്‍മിഷ്ഠന്‍ എന്നായിരുന്നു ആദ്യത്തെ വിളിപ്പേര്. മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാരാമൺ മിഡിൽ സ്കൂൾ, കോഴഞ്ചേരി ഹൈസ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആലുവ യുസി കോളജിൽ ബിരുദ പഠനം. 1940 ൽ അങ്കോല ആശ്രമത്തിലെ അംഗമായി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠനത്തിനുശേഷം
1944 ജൂൺ മൂന്നിന് വൈദികനായി. 1953 മേയ് 23ന് എപ്പിസ്കോപ്പയായി അഭിഷിക്തനായി. വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്ത, കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു അഖിലലോക സഭാ കൗൺസിലുകളില്‍ മാര്‍ത്തോമ്മാസഭയുടെ പ്രതിനിധിയും 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ കൗണ്‍സിലില്‍ നിരീക്ഷകനുമായിരുന്നു.
1978 മേയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി. മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം കൺവൻഷനുകളിൽ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. 1954 മുതൽ 2018വരെ തുടർച്ചയായി 65 മരാമണ്‍ കൺവൻഷനുകളിൽ പ്രസംഗകനായി. എട്ട് മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിയിൽ താമസിച്ചു വരികയായിരുന്നു. അഞ്ച് സഹോദരങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തില്‍ നിന്നുള്ള വലിയമെത്രാപ്പോലീത്തയുടെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്‍റെ പരിസമാപ്തികൂടിയാണ്.
	
		

      
      



              
              
              




            
Leave a Reply