ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സ്കൂളുകളിൽ നിന്നും ലഭിക്കുന്ന മികച്ച പരീക്ഷ ഗ്രേഡുകൾ കുട്ടികളെ സന്തുഷ്ടരും ആരോഗ്യമുള്ളവരുമായ വ്യക്തികളാക്കി മാറ്റുന്നില്ല. അതിനാൽ അക്കാദമിക് വിജയം മാത്രമെന്ന സങ്കുചിത മനോഭാവം നീക്കി കുട്ടികളുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇംഗ്ലണ്ടിലെ സ്കൂളുകളോട് ആവശ്യപ്പെടുകയാണ് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിൽപ്സൺ. വ്യാഴാഴ്ച ബർമിംഗ്ഹാമിൽ വെച്ച് നടക്കുന്ന സ്‌കൂൾ നേതാക്കന്മാരുടെ സമ്മേളനത്തിൽ ഈ ആശയം വിദ്യാഭ്യാസ സെക്രട്ടറി മുന്നോട്ട് വെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കൂളുകളിലെ ഹാജർ നില കുറയുന്ന സാഹചര്യത്തോടും, അതോടൊപ്പം തന്നെ പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതിനോടും ക്രിയാത്മകമായി പ്രതികരിക്കുവാൻ സ്കൂളുകൾക്ക് സാധിക്കണം. പരീക്ഷാ ഫലങ്ങൾ യുവാക്കൾക്ക് അവസരങ്ങളിലേക്കുള്ള പ്രധാന വാതിലുകൾ തുറക്കുന്നു. ഇവ വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന നെടുംതൂണുകളായി തുടരുക തന്നെ ചെയ്യും. എന്നാൽ പരീക്ഷകളിൽ മികച്ച ഗ്രേഡുകൾ നേടുന്നതു കൊണ്ട് മാത്രം, കുട്ടികൾ സന്തോഷമുള്ള ആരോഗ്യവാന്മാരായ യുവാക്കൾ ആയി തീരുകയില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉറപ്പിച്ചു വ്യക്തമാക്കുന്നു. അതിനാൽ മുൻ സർക്കാരുകൾക്ക് ഉണ്ടായിരുന്ന സങ്കുചിത കാഴ്ചപ്പാടുകൾ നീക്കി, കൂടുതൽ വിശാലമായ, കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് കാരണമാകുന്ന നടപടികളാകും ലേബർ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉറപ്പ് നൽകുന്നു. കോൺഫെഡറേഷൻ ഓഫ് സ്കൂൾ ട്രസ്റ്റുകളുടെ സമ്മേളനത്തിൽ സ്കൂളുകളെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിൽ ഫിലിപ്പ്സൻ്റെ ആദ്യ ശ്രമമാണ്. സംഗീതവും കായികവും എല്ലാം കൂടുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പരിശ്രമങ്ങളും ഉണ്ടാവും എന്ന് വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വേനൽക്കാലത്ത് പ്രൊഫ.ബെക്കി ഫ്രാൻസിസ് അധ്യക്ഷനായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ പാഠ്യപദ്ധതികളുടെ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് ഫിലിപ്പ്‌സൻ്റെ പ്രസംഗം. അതോടൊപ്പം തന്നെ അടുത്ത വർഷം കുട്ടികളുടെ ക്ഷേമത്തിനായി ലേബർ സർക്കാരിന്റെ ഭാഗത്തുനിന്നും പുതിയ ബില്ല് ഉണ്ടാകുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. 1500 ഓളം വരുന്ന സ്കൂൾ, അക്കാദമി ട്രസ്റ്റ് ജീവനക്കാരാകും സമ്മേളനത്തിൽ പങ്കെടുക്കുക. ലേബർ സർക്കാരിന്റെ പുതിയ നടപടികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ ഉണർവ് കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ.