പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍.

ഞായറാഴ്ചയായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയുടെയോ മറ്റ് രാഷ്ട്രീയപ്രവര്‍ത്തകരുടെയോ ചിത്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയുടെയോ മറ്റ് രാഷ്ട്രീയക്കാരുടെയോ ചിത്രങ്ങള്‍ സ്ഥാപിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാബാ സാഹേബ് അംബേദ്കറിന്റെയും ശഹീദ് ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. നമുക്കും അടുത്ത തലമുറയ്ക്കും പ്രചോദനമാകാനാണിത്,’ അദ്ദേഹം പറഞ്ഞു.

എഎപി അധികാരത്തിലെത്തിയാല്‍ ഡോര്‍സ്റ്റെപ് ഡെലിവറി സര്‍വീസുകളും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കെജ്രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്ക് എന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍. ഒരു ഡോക്ടര്‍, ഒരു മിഡ് വൈഫ് നേഴ്‌സ് എന്നിവരാണ് ക്ലിനിക്കില്‍ ഉണ്ടാവുക. സൗജന്യ മെഡിക്കല്‍ സേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെജ്രിവാള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതോടൊപ്പം കോണ്‍ഗ്രസ് നേതാവ് സിദ്ദുവിനെതിരെയും ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം മജിതിക്കെതിരെയും കെജ്രിവാള്‍ ആഞ്ഞടിച്ചു. ഇരുവരും ജനങ്ങളുടെ കാര്യം നോക്കാതെ കേവലം രാഷ്ട്രീയം കളിക്കുന്ന ‘രാഷ്ട്രീയ ആനകള്‍’ മാത്രമാണെന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.

സിദ്ദു അഴിമതിക്കെതിരെ പോരാട്ടം നടത്താനല്ല ശ്രമിക്കുന്നതെന്നും, പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുക എന്നത് മാത്രമാണ് സിദ്ദുവിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 117 അംഗങ്ങളുള്ള മന്ത്രിസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.