യുഎസിൽ നിന്നും 13000 കിലോമീറ്റർ താണ്ടി പറന്നിറങ്ങിയതോ ? പ്രാവിന് വധശിക്ഷ വിധിച്ച് ഓസ്ട്രേലിയ

യുഎസിൽ നിന്നും 13000 കിലോമീറ്റർ താണ്ടി പറന്നിറങ്ങിയതോ ? പ്രാവിന് വധശിക്ഷ വിധിച്ച് ഓസ്ട്രേലിയ
January 16 16:47 2021 Print This Article

2020 ഡിസംബർ 26 നാണ് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കെവിൻ സെല്ലി എന്നയാളുടെ വീടിന്റെ പുറകിൽ അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലിൽ കെട്ടിയെ ബാൻഡിൽ നിന്നും പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്തയാളാണെന്ന് മനസ്സിലായി. പക്ഷേ, മത്സരം നടന്നത് ഓസ്ട്രേലിയയിലല്ല, 13000 കിലോമീറ്റർ ദൂരെയുള്ള യുഎസിലെ യുഎസ്സിലെ ഒറിഗോണിലാണ്.

മത്സരത്തിനിടയിൽ നിന്നും എങ്ങനെയൊക്കെയോ ജോ എന്ന പ്രാവ് ഓസ്ട്രേലിയയിൽ എത്തുകയായിരുന്നു. എന്തായാലും ഒരു പ്രാവ് 13000 കിലോമീറ്റർ താണ്ടി എത്തിയത് ഓസ്ട്രേലിയൻ അധികൃതർ അത്ര നിസ്സാരമായിട്ടല്ല കണ്ടത്. കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചു. പ്രാവിന്റെ കാലിലുള്ള ബാൻഡ് വ്യാജമാണെന്ന് കൂടി കണ്ടെത്തിയതോടെ അധികൃതരുടെ സംശയം ബലപ്പെട്ടു. യുഎസ് ബേർഡ് ഓർഗനൈസേഷനാണ് ബാൻഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

പ്രാവിനെ വീടിന്റെ പിന്നാമ്പുറത്തു നിന്നും കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നുവെന്ന് കെവിൻ സെല്ലി പറയുന്നു. അലബാമയിലുള്ള ആളാണ് പ്രാവിന്റെ ഉടമ എന്നും കെവിൻ പറഞ്ഞിരുന്നു.

പക്ഷിപ്പനി ഭീതിയടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തു നിന്ന് പക്ഷികൾക്ക് കർശന നിയന്ത്രണമുള്ള രാജ്യമാണ് ഓസ്ട്രേലിയ. വിദേശത്തു നിന്നെത്തിയ പ്രാവിൽ അപകടകാരികളായ വൈറസോ രോഗമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ ജോയെ കൊന്നു കളയണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. ഇതിനിടയിൽ യുഎസിൽ നിന്നും പറന്നെത്തിയ അതിഥിയുടെ വാർത്ത ഓസ്ട്രേലിയയും കടന്ന് ആഗോളതലത്തിൽ ചർച്ചയായിരുന്നു. പ്രാവിനെ കൊല്ലാൻ തീരുമാനിച്ച നടപടിയും ഇതോടെ വിവാദത്തിലായി.

13,000 കിലോമീറ്റർ ദൂരം പറന്ന് പ്രാവ് എത്തിയതാകാമെന്ന തീയറിയും അധികൃതർ വിശ്വസിക്കുന്നില്ല. ചരക്കുകപ്പലിലോ മറ്റോ ആയിരിക്കും ദൂരത്തിൽ ഭൂരിഭാഗവും താണ്ടിയതെന്നാണ് നിഗമനം.

എന്തായാലും പ്രാവിനെ കൊല്ലാനുള്ള തീരുമാനത്തിന് എതിരെ വിവിധ സംഘടനകളും രംഗത്തെത്തി. ജോ എന്ന പ്രാവിന്റെ രക്ഷകനായി ആദ്യം എത്തിയത് അമേരിക്കൻ പീജിയൻ റേസിങ് യൂണിയൻ തന്നെയാണ്. കാലിലെ ബാൻഡ് കണ്ട് അമേരിക്കക്കാരനാണെന്ന് സ്ഥിരീകരിക്കേണ്ടതില്ലെന്നാണ് പീജിയൻ റേസിങ് യൂണിയൻ പറയുന്നത്. ജോ ഓസ്ട്രേലിയക്കാരനാകാനാണ് സാധ്യതയെന്നും ഇവർ പറയുന്നു.

മെൽബണിലെ പ്രാവ് സംരക്ഷണ സംഘം പറയുന്നത് പ്രകാരം ഇ-ബേ വഴി എളുപ്പത്തിൽ എവിടെയും ലഭിക്കാവുന്ന മോതിരമാണ് പ്രാവിന്റെ കാലിലുള്ളതെന്നാണ്. അതിനാൽ തന്നെ അതിർത്തി കടന്നെത്തി എന്ന ഒറ്റക്കാരണത്താൽ ജോയുടെ ജീവൻ എടുക്കേണ്ടതില്ലെന്നും പറയുന്നു.

ഒരു പ്രാവ് രാജ്യത്തെ പക്ഷികൾക്കും ഇറച്ചിക്കോഴി വ്യവസായത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് ഓസ്ട്രേലിയയിലെ അഗ്രികൾച്ചറൽ ഡിപ്പാർട്മെന്റ് പറയുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles