തിരുവനന്തപുരം: പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ ഒറ്റപ്പെട്ട അവസാന ആളെയും രക്ഷപ്പെടുത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും ദുരിതശ്വാസ ക്യാന്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങുന്നവർക്ക് അതിജീവനത്തിന് തത്കാലത്തേക്ക് ആവശ്യമായ കിറ്റുകൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നവർക്ക് നേരിട്ടു സഹായങ്ങൾ നൽകുന്നതു വിലക്കിയ മുഖ്യമന്ത്രി, ചില സംഘടനകൾ പ്രത്യേക ചിഹ്നങ്ങളും മുദ്രകളും ധരിക്കണമെന്ന് ആവശ്യപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്താകെ 3214 ക്യാന്പുകളിലായി 10,78,073 പേരാണ് കഴിയുന്നത്. 2,12,735 സ്ത്രീകൾ, 2,23,847 പുരുഷൻമാർ, 12 വയസിൽ താഴെയുള്ള 1,00,491 കുട്ടികൾ എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ദുരിതാശ്വാസ ക്യാന്പുകളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. വീടുകളിലേക്കു മടങ്ങിയെത്താവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. വീടുകൾ വാസയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തും. അതുവരെ ദുരിതാശ്വാസ ക്യാന്പുകൾ തുടരും- മുഖ്യമന്ത്രി പറഞ്ഞു.
ഒഴിഞ്ഞുപോയ വീടുകളിലേക്ക് തനിയെ ചെന്നുകയറുന്നത് ഒഴിവാക്കണം. മറിച്ചായാൽ അപകടങ്ങൾക്കു അത് വഴിവയ്ക്കും. വൈദ്യുതി ബന്ധം തകർന്നയിടങ്ങളിൽ കണക്ഷൻ ലഭ്യമാക്കാൻ കഐസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യമായി വയറിംഗ്, പ്ലംബിംഗ് ചെയ്തു നൽകാൻ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം കേരളത്തിലേക്ക് എത്തുന്നുണ്ട്. ചികിത്സാ ആവശ്യങ്ങളിൽ ഐഎംഎയുടെ സഹകരണം ലഭിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവർ സഹായങ്ങൾ കൈമാറേണ്ടത്. അത് അദ്ദേഹം വിതരണം ചെയ്യും. ക്യാന്പിൽ കഴിയുന്നവർക്കു നേരിട്ടു സഹായം നൽകകേണ്ടതില്ല. ഒരു കുടുംബംപോലെ കഴിയുന്നവർക്ക് ഒരേപോലെ സാധനങ്ങൾ ലഭിക്കണം. ചില സംഘടനകൾ അവരുടെ അടയാളങ്ങൾ ധരിക്കാൻ ആവശ്യപ്പെടുന്നായി ശ്രദ്ധയിൽപ്പെട്ടു. അത് അനുവദിക്കാൻ കഴിയില്ല. സർക്കാർ സംസ്ഥാനത്തെ ഓണാഘോഷം ഒഴിവാക്കിയിട്ടുണ്ട്. പ്രളയസാഹചര്യത്തിൽ ആർഭാടകരമായ ചടങ്ങുകൾ ഒഴിവാക്കണമെന്നാണു സർക്കാർ അഭ്യർഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും ഇതിനായി 29-ാം തിയതി തിരുവനന്തപുരത്തു ചടങ്ങ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത യുവതീയുവാക്കളെ മുഖ്യമന്ത്രി അകമഴിഞ്ഞു പ്രശംസിച്ചു. പ്രളയത്തിൽ മുങ്ങിയ വീടുകളിൽ ഉൾപ്പെട്ടു നനഞ്ഞുപോയ നോട്ടുകൾ മാറ്റിനൽകണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടെന്നും ഇക്കാര്യം ചെയ്തു നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Leave a Reply