ഗള്‍ഫില്‍ വെച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വേണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാനാകാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പിന്‍വലിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയായ ജയപ്രകാശിന്റെ മൃതദേഹം എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേര് പറഞ്ഞ് കൊണ്ടുവരാന്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പുതിയ ഉത്തരവിനെതിരെ പ്രവാസികളും വ്യാപക പ്രതിഷേധത്തിലാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പ്രവാസലോകത്തു നിന്നും ശക്തമായി ഉയര്‍ന്നു വരുന്നത്. മൃതദേഹം അയക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്നാണ് പുതിയ നിബന്ധന. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണു ഹാജരാക്കേണ്ടത്. ഇതനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കും.
മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കില്‍ അത് ആറു ദിവസമാകും. മാത്രമല്ല, 48 മണിക്കൂര്‍ മൃതദേഹം കേടാവാതെ സൂക്ഷിക്കുന്നതിനാണ് എംബാം ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എംബാമിംഗിനു ശേഷം രണ്ടു ദിവസം കൂടി മൃതദേഹം സൂക്ഷിക്കേണ്ടിവരും. ആ അവസ്ഥയില്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലായിരിക്കും മൃതദേഹം വിമാനത്തില്‍ കയറ്റേണ്ടി വരുക. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
നിലവില്‍ യു.എ.ഇയില്‍ മാത്രം ഒരു ദിവസം ശരാശരി ഒന്‍പത് ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇത്രയും മൃതദേഹങ്ങള്‍ 48 മണിക്കൂര്‍ സൂക്ഷിച്ചുവെക്കുന്നതിനുള്ള സൗകര്യക്കുറവും എംബാമിംഗ് യൂണിറ്റിലുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളെയും ബുദ്ധിമുട്ടിലാക്കികൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നാണ് പ്രവാസ ലോകത്തിന്റെ ആവശ്യം. പ്രശ്‌നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച ഒരു വിശദീകരണവും പുറത്തുവന്നിട്ടില്ല.
അതേസമയം ഈ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിമാന കമ്പനികളും തയ്യാറാകുന്നില്ല. ഷാര്‍ജക്കടുത്ത് ദൈദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ഷാര്‍ജ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയപ്പോള്‍ കരിപ്പൂരില്‍ നിന്ന് ഇ മെയിലില്‍ എത്തിയ നിര്‍ദേശം ചൂണ്ടിക്കാട്ടി അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇടപ്പെട്ട് മണിക്കൂറുകളോളം സമയമെടുത്ത് അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിമാനത്തില്‍ കയറ്റാന്‍ തയാറായത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് പുതിയ ഉത്തരവ് പിന്‍വലിച്ച് അക്കാര്യം വിമാനക്കമ്പനികളെ അറിയിക്കുകയും നിലവിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.
Leave a Reply