കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ,പി.ജെ ജോസഫിന്റ തുടര്‍നിലപാടായിരിക്കും നിര്‍ണായകം. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് ജോസഫും കൂട്ടരും എന്തുചെയ്യുമെന്നതായിരിക്കും ഏവരും ഉറ്റുനോക്കുക. കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇനിയെന്ത് പോംവഴി കണ്ടെത്തുമെന്നതും പ്രധാനമാണ്.

കോണ്‍ഗ്രസിന്റ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കെ.പി.സിസി പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ഥിയാകില്ലെന്നാണ് സൂചന. എങ്കിലും വൈകിട്ട് വരെ കാത്തിരിക്കാന്‍ തന്നെയാണ് ജോസഫിന്റേയും കൂട്ടരുടേയും തീരുമാനം. ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഇതിന് പുറമെ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കുന്നതിലെ സാങ്കേതികകുരുക്കും നീക്കം ഉപേക്ഷിക്കാന്‍ കാരണമായി. സീറ്റ് ഇല്ലാതെ വന്നാല്‍ ജോസഫിന്റ ഭാവി നീക്കം വ്യക്തമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാര്യങ്ങള്‍ ഇത്രത്തോളം ആയ സ്ഥിതിക്ക് കോട്ടയം സീറ്റില്‍ ഇനി അവകാശവാദം ഉന്നയിക്കാനുമാകില്ല. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് മാണിയും കൂട്ടരും പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മാണിപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് മുന്നണിയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ജോസഫും കൂട്ടരും തീരുമാനിച്ചേക്കാം. പക്ഷെ തിരഞ്ഞെടുപ്പ് മുന്നണിക്കാകെ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജോസഫിനെ അനുനയിപ്പിച്ച് നിര്‍ത്താനാകും കോണ്‍ഗ്രസ് ശ്രമം. പ്രശ്നങ്ങളില്‍ ഇടപെട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിന്റേത് മാത്രമായി മാറിയിരിക്കുകയാണിപ്പോള്‍.