തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപ്പിടിത്തം അട്ടിമറിയെത്തുടര്‍ന്നെന്ന് സൂചന. സംശയത്തെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതായിരിക്കാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ചാണ് ഇവര്‍ തീ കൊളുത്തിയിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്ര വലിയ തീപ്പിടിത്തമാകുമെന്ന് കരുതിയിരുന്നില്ല. ഫാക്ടറിയുടെ മുകള്‍നിലയിലെ സ്റ്റോര്‍ മുറിയില്‍നിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു കരുതിയിരുന്നത്. തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ പിടിയിലായവരെ അറസ്റ്റ് ചെയ്യൂ.
Leave a Reply