ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- തന്റെ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം, പ്ലെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് 40 വർഷത്തിന് ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള പ്ലാസ്റ്റിക് സർജനായ റോബർട്ട്‌ ബെയറൻബോം. 1985 ൽ ലാണ് താൻ ഭാര്യയായ ഗയിൽ കാറ്റ്സിനെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയുടെ അപക്വമായ പെരുമാറ്റം ആണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തെളിവുകൾ കണക്കിലെടുത്ത് ഗയിലിന്റെ കൊലപാതകത്തിന് റോബർട്ടിന് 2000 ത്തിൽ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്ക് കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്നാണ് റോബർട്ട്‌ ഇതുവരെയും ഉറച്ചു നിന്നിരുന്നത്. ഡിസംബർ 2020 ൽ നടന്ന പരോൾ ഹിയറിങ്ങിലാണ് ആദ്യമായി റോബർട്ട്‌ താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞത്. വളരെ വിദഗ്ധനായ ഒരു പൈലറ്റായ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, പ്ലെയിനിലാക്കി കടലിന് നടുവിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഏറ്റുപറച്ചലിൽ വ്യക്തമാക്കി. പരോൾ ഹിയറിങ്ങിന്റെ വിശദാംശങ്ങൾ അടുത്തിടെ എ ബി സി ന്യൂസിന് ലഭിച്ചതോടെയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.


ഗയിലിന്റെ മൃതദേഹം ഇന്നുവരെയും കണ്ടെത്തിയിട്ടില്ല. 1980 കളിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് ഗയിലിന്റെ സഹോദരി പറഞ്ഞു. തുടക്കത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും, പിന്നീട് റോബർട്ടിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ കണ്ടെത്തിയതായും അവർ പറഞ്ഞു. റോബർട്ട്‌ നിലവിൽ ഇരുപതു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഗയിലിന് മാനസിക വിഭ്രാന്തിയുണ്ടെന്നും, മയക്കുമരുന്നുകളും മറ്റും ഉപയോഗിക്കുന്നുള്ളതായും ചിത്രീകരിക്കാൻ റോബർട്ടിന്റെ അഡ്വക്കേറ്റ് ശ്രമിച്ചതായും, എന്നാൽ ഇവയൊന്നും തന്നെ സത്യമല്ലെന്നും ഗയിലിന്റെ സഹോദരി പറഞ്ഞു.