‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാന്‍ ബ്രിട്ടിഷ് ജനതയോടു മുഴുവന്‍ അപേക്ഷിക്കുന്നു.മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് വികാരഭരിതനായി പറയുകയാണ് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ഷമീമയുടെ പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്ത തെറ്റാണ് ഇത്. അവള്‍ തെറ്റാണ് ചെയ്തതെന്നു സമ്മതിക്കുന്നുവെങ്കിലും തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലാണ് അതു സംഭവിച്ചതെന്ന് ഓര്‍ക്കണമെന്ന് ഇപ്പോള്‍ ബംഗ്ലദേശിലുള്ള അഹമ്മദ് അലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

ഷമീമയുടെ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ വച്ചു മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മാപ്പക്ഷേയുമായി പിതാവ് രംഗത്തെത്തിയത്. ശ്വാസതടസവും ന്യുമോണിയയും മൂലമാണ് ‘ജെറ’ എന്നു പേരിട്ട ആണ്‍കുഞ്ഞ് മരിച്ചതെന്നാണ് വിവരം. ഫെബ്രുവരി 17-നാണ് കുട്ടി ജനിച്ച വിവരം ഷമീമയുടെ മാതാപിതാക്കള്‍ അറിയിച്ചത്. കുഞ്ഞിനെ പ്രസവിക്കുന്നതിനായി ബ്രിട്ടനിലെത്തണമെന്ന ഷമീമയുടെ അപേക്ഷ ബ്രിട്ടിഷ് ഹോം ഓഫിസ് തള്ളിയിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു നടപടി.

മുന്‍പ് സിറിയയില്‍ വച്ചുണ്ടായ രണ്ടു കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മൂലം മരിച്ചുപോയെന്നും അതുകൊണ്ടു കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ഷമീമയുടെ ആവശ്യം. എന്നാല്‍ ഷമീമയുടെ പൗരത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് ബ്രിട്ടന്‍ സ്വീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.

ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല. നെതര്‍ലന്‍ഡ്‌സ് പൗരനാണ് ഷമീമയെ വിവാഹം കഴിച്ചത്. ഇയാള്‍ ഇപ്പോള്‍ സിറിയയില്‍ തടവിലാണ്. ഷമീമയ്ക്കും കുട്ടിക്കും ഒപ്പം നെതര്‍ലന്‍ഡ്‌സിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. പൗരത്വം റദ്ദാക്കിയ നടപടി ആശങ്കയുളവാക്കുന്നതാണെന്നും ജനശ്രദ്ധ ലഭിക്കാനാണ് ജാവേദിന്റെ പ്രവൃത്തിയെന്നും കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ലീ പറഞ്ഞു. ലേബര്‍ പാര്‍ട്ടി നേതാവ് ഡയാന അബോട്ടും ജാവേദിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.