ആറു മാസം മുമ്പ് കാണാതായതാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിനെ ആള്‍താമസമില്ലാത്ത വീടിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ നാടുവിട്ടെന്നായിരുന്നു രക്ഷിതാക്കളുടെ സംശയം. ഇതിനിടെയാണ്, മരണവാര്‍ത്ത എത്തിയത്.

തൃശൂര്‍ പാവറട്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അമല്‍ കൃഷ്ണ. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച മിടുക്കന്‍. ചേറ്റുവ എം.ഇ.എസ് സെന്ററിന് സമീപം ചാണാശ്ശേരി സനോജ്-ശിൽപ്പ ദമ്പതികളുടെ മകൻ. മാർച്ച് പതിനെട്ടിന് രാവിലെ പതിനൊന്നരയോടെ വാടാനപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ മകന്റെ എ.റ്റി.എം.കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ‘അമ്മ പോയിരുന്നു. മകനെ പുറത്തുനിർത്തി ബാങ്കിൽ കയറിയ ‘അമ്മ തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. സ്‌കോളർഷിപ്പ് തുകയായ പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ അമലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ പതിനായിരം രൂപയോളം പേടിഎം മുഖേന മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തിയിരുന്നു.

  ലണ്ടനിലെ ബാർബർ ഷോപ്പ് വെടിവയ്പ്പ്; പരുക്കേറ്റ മലയാളി യുവാവിൻ്റെ നില ഗുരുതരമായി തുടരുന്നു

ഓൺലൈൻ ഗെയിം കളിക്കാൻ ഈ തുക ഉപയോഗിച്ചതായാണ് സംശയം. അമല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു കുടുംബം. തളിക്കുളത്തെ ദേശീയപാതയോരത്ത് ആള്‍താമസമില്ലാത്ത വീടിനകത്തായിരുന്നു മൃതദേഹം. ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡ് കണ്ടെത്തി. കാശ് പിൻവലിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു. മുകളിലേക്കുള്ള ഗോവണി പടിയിൽ അമലിന്റെ പേരും ഫോൺ നമ്പറും എഴുതി വച്ചിരുന്നു. മൃതദേഹം അമലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാംപിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.