ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രെക്‌സിറ്റിനു ശേഷമുള്ള മത്സ്യബന്ധന അവകാശങ്ങളെച്ചൊല്ലി ഫ്രാൻസുമായുള്ള തർക്കത്തിൽ യൂറോപ്യൻ യൂണിയൻ-യുകെ വ്യാപാര കരാർ ലംഘിച്ചേക്കാമെന്ന് ഭയപ്പെടുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ലൈസൻസ് സംബന്ധിച്ച തർക്കം പരിഹരിച്ചില്ലെങ്കിൽ യുകെ ബോട്ടുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഇറങ്ങുന്നത് തടയുമെന്ന് ഫ്രാൻസ് വ്യക്തമാക്കി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ജലാതിർത്തി ലംഘിച്ചെത്തിയ ലൈസൻസില്ലാത്ത ബ്രിട്ടീഷ്​ മത്സ്യബന്ധന ബോട്ട് ഫ്രാൻസ്​ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അതിർത്തി ലംഘിച്ചതിന്​ മറ്റൊരു ബോട്ടിന്​ പിഴ ചുമത്തിയിട്ടുണ്ട്. ബ്രെക്​സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനും ​ബ്രിട്ടനും തമ്മിൽ ജലാതിർത്തി സംബന്ധമായ തർക്കങ്ങൾ കൂടുതൽ രൂക്ഷമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമുദ്രമേഖലയിലെ നിയന്ത്രിത മേഖലകൾ കടന്ന് പരസ്പരം മത്സ്യബന്ധനമോ ചരക്കുനീക്കമോ നടത്തരുതെന്ന ധാരണ തെറ്റിച്ചെന്ന പേരിലാണ് പുതിയ തർക്കം രൂക്ഷമായത്. കഴിഞ്ഞ മാസം ബ്രിട്ടന്റെ മേഖലയിൽ പ്രവേശിക്കാനുള്ള ലൈസൻസിനായി അപേക്ഷിച്ച നിരവധി ഫ്രഞ്ച് കമ്പനികളെ തിരിച്ചയച്ച നടപടിയുടെ പ്രതികാരമാണ് ഇപ്പോൾ ഫ്രാൻസ് നടത്തിയതെന്നാണ് ബ്രിട്ടൺ ആരോപിക്കുന്നത്. ലൈസൻസ് നൽകുന്നത് ബ്രെക്‌സിറ്റ് കരാർ ലംഘനമാണെന്ന് യുകെ വിശദീകരിച്ചു. ചൊവാഴ്‌ച്ചയ്‌ക്കുള്ളിൽ ബ്രിട്ടൻ നിലപാട് മാറ്റിയില്ലെങ്കിൽ ഫ്രാൻസിലെ ഒരു തുറമുഖത്തിലും ബ്രിട്ടീഷ് കപ്പലുകളേയും മത്സ്യബന്ധന കപ്പലുകളേയും പ്രവേശിപ്പിക്കില്ലെന്ന് ഫ്രാൻസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കർശനമായ നടപടികളുമായി ഫ്രാൻസ് മുന്നോട്ട് പോയാൽ യൂറോപ്യൻ യൂണിയനുമായി പ്രശ്ന പരിഹാര നടപടികൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഫ്രാൻസ് പിടിച്ചെടുത്ത കോർനെലിസ് ഗെർട്ട് ജാൻ കപ്പലിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചെങ്കിലും ബോട്ടിന്റെ ഉടമസ്ഥർ ഇത് നിഷേധിച്ചു. ജി20 ഉച്ചകോടിയ്ക്ക് ലോകരാജ്യങ്ങൾ ഒരുമിക്കാനിരിക്കേയാണ് ബ്രിട്ടൻ – ഫ്രാൻസ് തർക്കം മുറുകുന്നത്.