ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെ തിരിച്ചടി നേരിട്ട ബ്രെക്‌സിറ്റ് ഉടമ്പടിയിലെ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ചയ്ക്ക് സാധ്യത തേടി പ്രധാനമന്ത്രി ബ്രസല്‍സിലേക്ക്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ യൂറോപ്യന്‍ നേതാക്കളായ ജീന്‍ ക്ലോദ് ജങ്കര്‍, ഡൊണാള്‍ഡ് ടസ്‌ക് എന്നിവര്‍ ഉടമ്പടി സംബന്ധിച്ച് കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ രൂപീകരിച്ചിട്ടുള്ള ഉടമ്പടിയില്‍ വീണ്ടും ഒരു ചര്‍ച്ചയ്ക്കില്ലെന്നാണ് ഇരു നേതാക്കളും അറിയിച്ചിട്ടുള്ളത്. ബ്രസല്‍സുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് ഉടമ്പടി വോട്ടെടുപ്പിന് മുന്നോടിയായാണ് ബ്രസല്‍സില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്.
ഈ ചര്‍ച്ചകള്‍ വിജയകരമായാല്‍ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. പരാജയപ്പെട്ടാല്‍ വോട്ടെടുപ്പ് വ്യാഴാഴ്ചയായിരിക്കും നടക്കുക. പുതിയൊരു ഉടമ്പടിക്കായി മേയ്ക്ക് ശ്രമം നടത്തണമെങ്കില്‍ ബ്രെക്‌സിറ്റ് ദിവസത്തിന് ഒരു മാസം മുമ്പ് വരെയെങ്കിലും പാര്‍ലമെന്റിലെ വോട്ടെടുപ്പ് നീട്ടിവെക്കേണ്ടതുണ്ട്. തന്റെ ഉടമ്പടിയെ പിന്തുണയ്ക്കുന്നതിനായി എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഇത്. എന്നാല്‍ ഈ വിധത്തില്‍ വൈകിപ്പിച്ചാല്‍ അത് ആര്‍ട്ടിക്കിള്‍ 50 നീട്ടുന്നതിലേക്കു വരെ നയിച്ചേക്കാമെന്ന് പ്രധാനമന്ത്രിക്ക് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുകയെന്നത് അനിവാര്യമാകുമെന്ന് ലേബര്‍ നേതാക്കളും അറിയിച്ചിട്ടുണ്ട്.
ബ്രസല്‍സിലേക്ക് പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രിക്ക് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ലേബറിന്റെ പിന്തുണ ബ്രെക്‌സിറ്റില്‍ ലഭിക്കണമെങ്കിലും രാജ്യത്തെ ഒന്നിച്ചു നിര്‍ത്തണമെങ്കിലും ഇവ അംഗീകരിക്കമെന്നാണ് കോര്‍ബിന്‍ അയച്ച കത്തില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി 10 വിഷയങ്ങളില്‍ ഊന്നിയായിരിക്കും സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Leave a Reply