ഹാര്‍ഡ് ബ്രെക്‌സിറ്റാണ് ഉണ്ടാകുന്നതെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ ജോലിയുപേക്ഷിച്ച് പ്രായമായവരെ സംരക്ഷിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ റിപ്പോര്‍ട്ടാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ പുതിയ മൈഗ്രേഷന്‍ നിയമം അനുസരിച്ച് മറ്റു മേഖലകളിലേക്ക് നിയോഗിക്കേണ്ടി വരും. ബ്രെക്‌സിറ്റിനു ശേഷം ജീവനക്കാരിലുണ്ടാകുന്ന കുറവ് മറികടക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകള്‍ക്ക് ജോലി രാജിവെച്ച് പ്രായമായ ബന്ധുക്കളെ പരിപാലിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മുതിര്‍ന്നവരെ പരിപാലിക്കുന്നതിനായുള്ള സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് വലിയൊരു ബാധ്യതയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് നിലച്ചാല്‍ 6000 ഡോക്ടര്‍മാരുടെയും 12000 നഴ്‌സുമാരുടെയും 28,000 കെയര്‍ സ്റ്റാഫിന്റെയും കുറവ് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കെയര്‍ സ്റ്റാഫിന്റെ കുറവു മൂലം ജനങ്ങള്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി ജോലിയില്‍ നിന്ന് വിട്ടു നിന്നാല്‍ അത് ലേബര്‍ മാര്‍ക്കറ്റിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയുപേക്ഷിച്ച് മാറിനില്‍ക്കേണ്ടി വരുമെന്ന പരാമര്‍ശത്തിനെതിരെ വ്യക്തികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നമ്മുടെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന്റെ പ്രത്യേകതകകള്‍ മൂലം നിരവധി സ്ത്രീകള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ദി ഫോസറ്റ് സൊസൈറ്റി ട്വീറ്റ് ചെയ്തു. അതിനെ കൂടുതല്‍ ഗുരുതരമാക്കാന്‍ അനുവദിക്കരുതെന്നും ബ്രെക്‌സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കാമെന്നും സന്ദേശം പറയുന്നു. സ്ത്രീകളെ അവരുടെ ജോലികളില്‍ നിന്ന് മാറ്റി വേതനമില്ലാത്ത കെയര്‍ ജോലിയിലേക്ക് നിയോഗിക്കാനാണ് നീക്കമെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.