ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാൻ വെള്ളിയാഴ്ച രാത്രി ട്വിറ്ററിൽ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകൾ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു.

ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നും ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാൻ ഖാൻ വ്യക്തമാക്കി. പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാൻ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങാൻ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച വേണം. ജനങ്ങൾക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാക്കിസ്ഥാൻ ദേശീയ ദിനത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനിൽ ശനിയാഴ്ചയാണ് ദേശീയ ദിന ആഘോഷങ്ങൾ നടക്കുക.‌ ഇതിനിടെയാണ് ഇന്ത്യൻ‍ പ്രധാനമന്ത്രി ആശംസ അറിയിച്ചെന്ന് ഇമ്രാൻ ട്വിറ്ററിൽ പ്രതികരിച്ചത്.