നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നു. ഇതേപറ്റി ധാരണയുണ്ടായിരുന്നവരുടെ പട്ടിക തയാറായെന്ന് പൊലീസ്.പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും. അറസ്റ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരുടെ വിവരവും പൊലീസ് ശേഖരിച്ചു.നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റിമിടോമിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു.

കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍നിന്ന് പോലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പോലീസ് ആരാഞ്ഞിരുന്നു.

പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിച്ചിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.  സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം  കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.

ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്. കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.