ഇന്ത്യന്‍ നിര്‍മ്മിത 12,000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ആദ്യ യാത്ര നടത്തി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിന്‍ കന്നിയാത്ര നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച അതിശക്ത എന്‍ജിനോട് കൂടിയ ട്രെയിനാണിത്. ഇതോടെ 12000 എച്ച്പി എന്‍ജിന്‍ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി ഇടം പിടിച്ചു. റെയില്‍വേ മന്ത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റം ആണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലാണ് എന്‍ജിനുകള്‍ നിര്‍മ്മിച്ചത്. ആല്‍സ്റ്റമിന്റെ ബംഗളൂരുവിലെ എന്‍ജിനീയറിങ് സെന്ററിലാണ് എന്‍ജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യന്‍ റെയില്‍വെ ട്രാക്കുകള്‍ക്ക് തികച്ചും അനുയോജ്യമായ ട്രെയിനിന്റെ മുമ്പിലും പിന്നിലും എയര്‍കണ്ടീഷനോടു കൂടിയ ഡ്രൈവര്‍ ക്യാബുകളുണ്ട്. റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധനഉപഭോഗം താരതമ്യേന കുറവാണ്. യാത്രാ, ചരക്ക് തീവണ്ടികളുടെ വേഗത വര്‍ധിക്കുന്നതോടെ രാജ്യത്തെ തീവണ്ടി ഗതാഗതം സുഗമമാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

25,000 കോടിയു പദ്ധതിക്ക് 2015 ലാണ് റെയില്‍വെ മന്ത്രാലയവും ആല്‍സ്റ്റമും സംയുക്തസംരംഭ കരാറില്‍ ഒപ്പുവെച്ചത്. 800 ട്രെയിനുകളാണ് കരാറനുസരിച്ച് നിര്‍മ്മിക്കുന്നത്. ട്രെയിനിന്റെ നിര്‍മാണവും പരിപാലനവും കൂടാതെ മാധേപുരയില്‍ നിര്‍മ്മാണഫാക്ടറിയും ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലും നാഗ്പുരിലും വര്‍ക്ക്ഷോപ്പുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് 10000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. മാധേപുരയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.