നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരായത്. രണ്ടാഴ്ചയായി അപ്പുണ്ണി ഒളിവിലായിരുന്നു. കേസുമായി തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി മധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. അപ്പുണ്ണി എന്ത് പറയുന്നു എന്നത് ദിലീപിന് ഏറെ നിണായകമാണ്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പോലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.

അതേസമയം സംഭവം നടന്ന ദിവസം കാവ്യ മാധവനും റിമി ടോമിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യുന്നതിനുള്ള പുതിയ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.