ജി20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് മോദി പോപ് ഫ്രാന്‍സിസുമായി (Pope Francis) കൂടിക്കാഴ്ച നടത്തുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ മോദിയും മാര്‍പാപ്പയും ചര്‍ച്ച ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 20 മിനിറ്റ് മാത്രം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നതായി അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM

1999ല്‍ അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് അവസാനമായി മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമനാണ് അന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ നരേന്ദ്ര മോദിയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം ഒക്ടോബര്‍ 29 മുതല്‍ 31 വരെയാണ് പ്രധാനമന്ത്രി വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്നത്.