ബോംബ് നിറച്ച കാറുമായി ആക്രമണം നടത്താന്‍ ശ്രമിച്ച ഭീകരരുടെ ശ്രമം ഈജിപ്ത് സുരക്ഷാ സേന വിഫലമാക്കി. സിനായിലെ ഒരു വാഹന ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി വന്ന കാര്‍ ടാങ്കര്‍ ഉപയോഗിച്ചാണ് സേന തകര്‍ത്തത്. ബോംബ് നിറച്ച കാര്‍ ധൈര്യപൂര്‍വ്വം ടാങ്കര്‍ ഉപയോഗിച്ച് തകര്‍ത്ത ഡ്രൈവറെ അഭിനന്ദിച്ച് സേനയും അധികൃതരും രംഗത്തെത്തി. സംഭവത്തിന്റെ സിസിടിവി ദൃള്യങ്ങള്‍ ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

നിരവധി വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ആയുധങ്ങളും ബോംബുകളും നിറച്ച കാര്‍ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി വന്നത്. സംശയം തോന്നിയ സുരക്ഷാ സേന ടാങ്കറുകള്‍ക്ക് നിര്‍ദേശം കൈമാറി.
കാറില്‍ ആയുധമേന്തിയ നാല് ഭീകരര്‍ ആണ് ഉണ്ടായിരുന്നതെന്ന് സൈന്യം പറഞ്ഞു. ഒരു ടാങ്കര്‍ ഉടന്‍ തന്നെ കാറിന്റെ മുകളിലേക്ക് പാഞ്ഞുകയറി കാര്‍ തരിപ്പണമാക്കി. കാറിലുണ്ടായിരുന്ന ഭീകരരും തത്ക്ഷണം കൊല്ലപ്പെട്ടു.