ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ എൻ എച്ച് എസ് നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ വിദഗ്ധരുമായി ചർച്ചയ് ക്കൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. നിർണായക യോഗത്തിൽ പ്രധാനമന്ത്രിക്ക് പുറമെ ആരോഗ്യ സെക്രട്ടറിയും ട്രഷറി മന്ത്രിമാരും പങ്കെടുക്കും. ചില ആശുപത്രികളിൽ കിടക്കകളുടെ അഭാവം മൂലം രോഗികൾ ട്രോളികളിൽ ദിവസങ്ങൾ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതേ തുടർന്നാണ് അടിയന്തിര യോഗം. വിവിധ ഓപ്പറേഷനുകൾക്ക് കാലതാമസം നേരിടുന്നത് എൻ എച്ച് എസ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഋഷി സുനക് പറഞ്ഞു.

പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, എൻഎച്ച്എസ് ഓർഗനൈസേഷനുകളുടെയും പ്രാദേശിക ഏരിയകളുടെയും കൗൺസിലുകളുടെയും ചീഫ് എക്സിക്യൂട്ടീവുകൾ, ക്ലിനിക്കൽ നേതാക്കൾ, കൂടാതെ മെഡിക്കൽ സോഷ്യൽ കെയർ വിദഗ്ധർ എന്നിവരും ശനിയാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നടക്കുന്ന യോഗത്തിൽ വിദഗ്ധരോടൊപ്പം പങ്കെടുക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ്, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ സർ ക്രിസ് വിറ്റി എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രോഗികളുടെ ചികിത്സ, പരിചരണം, ഓപ്പറേഷനുകൾ, ജിപി അപ്പോയിൻമെന്റുകൾ എന്നിവയാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയുന്നത്.

രാജ്യത്ത് പനി, കോവിഡ്, നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും സമരം, വർദ്ധിച്ചു വരുന്ന ജീവിതചിലവ് പ്രതിസന്ധി എന്നിവ കാരണം ആരോഗ്യമേഖല സമ്മർദത്തിലാണ്. ഇത് പരിഹരിക്കാൻ കൂടിയാണ് അടിയന്തിരമായി യോഗം ചേരുന്നത്. രാജ്യത്തെ ആരോഗ്യ സേവനത്തെ ഏറ്റവും മികച്ചതാക്കി മാറ്റാനുള്ള നിർണായക തീരുമാനങ്ങൾ പ്രസ്തുത ചർച്ചയിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2023-24 വർഷത്തെ ശമ്പള വർദ്ധനവ് ചർച്ചചെയ്യാൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ യൂണിയൻ പ്രധിനിധികളെ തിങ്കളാഴ്ച ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ശമ്പള തർക്കത്തിൽ ആദ്യം നടപടി കൈകൊള്ളണമെന്നും ഇല്ലാത്തപക്ഷം പണിമുടക്കുകൾ തുടരുമെന്നും യൂണിയൻ അറിയിച്ചു. അതേസമയം, വിദഗ്ധരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യമേഖലയ്ക്ക് ആശ്വസിക്കാൻ കഴിയുന്ന രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.