ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഇടെപെട്ടതായി വെളിപ്പെടുത്തല്‍. ഹിന്ദു ദിനപത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയുമായി പി.എം.ഒ സമാന്തര ചര്‍ച്ചകള്‍ നടത്തിതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പി.എം.ഒ നടത്തിയ ചര്‍ച്ച രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വകുപ്പ് സെക്രട്ടറി പ്രതിരോധമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി എയര്‍ ചീഫ് ഓഫ് എയര്‍സ്റ്റാഫ് ഉള്‍പ്പെട്ട ഏഴംഗസംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഘടക വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെളിപ്പെടുത്തല്‍ സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015 ഓക്ടോബര്‍ 23ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പി.എം.ഒ ഇടപെടലിനെക്കുറിച്ച് 2015 നവംബര്‍ 24ന് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി ചര്‍ച്ച നടത്തിയതായും റെബ് എഴുതിയ കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ 30000 കോടിയുടെ പൊതുധനം പ്രധാനമന്ത്രി തട്ടിയെടുത്തതായി വ്യക്തമായി കഴിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധമന്ത്രി നിര്‍മ്മല സീരാമനും രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.