നൂറുകോടിക്ക് മുകളിൽ ചെലവഴിച്ച് നിർമിച്ച ബ്രഹ്മാണ്ഡ സെറ്റിൽ വീണ്ടും ഷൂട്ടിങ് ആരംഭിച്ച് എസ്.എസ് രാജമൗലി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഷൂട്ടിങ് നിർത്തിയിരുന്നു. ഇന്നലെ സെറ്റ് വീണ്ടും തുറക്കുന്ന വിഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. മാസങ്ങളോളം അടച്ചിട്ടതോടെ സെറ്റ് പൂർണമായും പൊടി പിടിച്ച നിലയിലായിരുന്നു. സെറ്റ് വൃത്തിയാക്കാൻ തന്നെ ഒരുദിവസം വേണ്ടി വന്നതായി അണിയറപ്രവർത്തകർ പറയുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റൻ സെറ്റിന്റെ നിർമാണ ചിലവ്.

ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം.