ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോർഡ് മാൻഡൽസനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന മോർഗൻ മക്‌സ്വീനീ രാജിവച്ചു. ഈ നിയമനത്തിൽ താൻ പ്രധാനമന്ത്രിക്ക് ഉപദേശം നൽകിയതിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കുന്നുവെന്ന് മക്‌സ്വീനീ വ്യക്തമാക്കി. നിയമനത്തിനായുള്ള ഔദ്യോഗിക പരിശോധന താൻ നേരിട്ട് നടത്തിയില്ലെങ്കിലും, രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഫ്രി എപ്‌സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളിയുമായി ലോർഡ് മാൻഡൽസന് ഉണ്ടായിരുന്ന ബന്ധം നേരത്തേ തന്നെ പരസ്യമായി അറിയപ്പെട്ടിരുന്നതാണ് വിവാദത്തിന് കാരണം. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിയെ അമേരിക്കയിലേക്കുള്ള പ്രധാന നയതന്ത്ര പദവിയിലേക്ക് പരിഗണിച്ചതിൽ മക്‌സ്വീനിക്കെതിരേ കടുത്ത വിമർശനം ഉയർന്നു വന്നിരുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസിനും ലേബർ പാർട്ടിക്കും വലിയ സമ്മർദ്ദം നേരിടേണ്ടി വന്നു.

മക്‌സ്വീനിയുടെ രാജിയോടെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ കൂടുതൽ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുകയാണ്. ലോർഡ് മാൻഡൽസന്റെ നിയമന തീരുമാനത്തിനെതിരെ ലേബർ എംപിമാരിൽ നിന്നും ശക്തമായ എതിർപ്പ് തുടരുകയാണ്. വാഷിംഗ്ടണിലേക്കുള്ള ഈ നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയരുന്ന സാഹചര്യത്തിൽ, സ്റ്റാർമറിന്റെ നേതൃത്വത്തിന് ഇത് നിർണായക ഘട്ടമായി മാറുകയാണ്.











Leave a Reply