ബീന റോയി

മഴയുടെ
ആര്‍ദ്രഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ

പ്രണയത്തിന്റെ
അദൃശ്യാക്ഷരങ്ങള്‍
ആലേഖനംചെയ്ത
ഒറ്റമഴത്തുള്ളിപോലെ

ഓടിയെത്തി
കുശലംപറഞ്ഞ്
കടന്നുപോകുന്നൊരു
ചാറ്റല്‍മഴപോലെ

ഹൃദയതടങ്ങളെ
ഈറനുടുപ്പിച്ച്
ആശയുടെ
പല്ലവങ്ങള്‍
മുളപ്പിക്കുന്ന
ഇടവപ്പാതിപോലെ

പകല്‍നേരം
കുസൃതികാട്ടി,
മഴവില്ല് സമ്മാനംതന്ന്
പെയ്തുമറയുന്ന
വെയില്‍മഴപോലെ

നീണ്ടുനില്‍ക്കാത്ത
പിണക്കങ്ങള്‍ക്കപ്പുറം
പരിഭവങ്ങളുടെ
കൊള്ളിയാന്‍പിടിച്ച്
മടിച്ചെത്തുന്ന
തുലാവര്‍ഷംപോലെ

കണ്ണുതുളുമ്പുന്ന
കാത്തിരിപ്പിനൊടുവില്‍
ഹൃദയത്തിന്റെ
നീറ്റലിലേക്ക്
പെയ്തുനിറയുന്ന
വേനല്‍മഴപോലെ

എത്രപെയ്താലും
മതിവരാതെ പിന്നെയും
തൂവിക്കൊണ്ടിരിക്കുന്നൊരു
പെരുമഴക്കാലംപോലെ

മഴയുടെ
തരളഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ…

ബീന റോയ്