ജോസ് ജെ. വെടികാട്ട്

ഒരു വീടുചുറ്റുവട്ടത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് മതിലിനപ്പുറത്തേക്ക്
ചാഞ്ഞിരിക്കുമ്പോളും നിന്നിൽ മധു നിറയുന്നില്ല , ഭ്രമരങ്ങൾ നിന്നെ
പുണരുന്നില്ല എന്ന് ഞാൻ നിനക്കുന്നു !

ഭ്രമരങ്ങൾ നിന്നെ പുണരണമെന്ന് നീ കാംക്ഷിക്കാത്തതിനാലാകാം
മതിലിനപ്പുറത്തേക്ക് ചാഞ്ഞിരിക്കുമ്പോളും നീയൊരു വിരസതയാർന്ന
കടലാസ്സു പുഷ്പം പോലെ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത് ! വിശ്വസിക്കുന്നത് !

വീടുചുറ്റുവട്ടത്തിലെ നിന്റെ കെട്ടുപാടുകൾ, ബന്ധങ്ങളുടെ കടപാടുകളും
ബാധ്യതകളും അവ മറക്കാൻ നീ ഒരുക്കമല്ലാത്തതിനാലാകാം നീയൊരു
കടലാസ്സ് പുഷ്പം പോൽ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത്! വിശ്വസിക്കുന്നത്!

മറ്റു പുഷ്പങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു നീ, എന്നും തനിച്ചാവാൻ
കാംക്ഷിക്കുന്നു !ആരും നിന്നോടടുക്കരുതെന്ന് നിനച്ച് നീയാകും പൂക്കൾക്ക്
ചുറ്റും നീ കൂർത്ത മുള്ളുകൾ പാകുന്നു !

നീയൊരു തൊട്ടാവാടിയാണ് ബോഗൻവില്ല ! അതു കൊണ്ടല്ലേ നീ
എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നത് !നിന്റെ സ്വൈര്യം
ഹനിക്കാതിരിക്കാൻ !

പക്ഷേ വീടുചുറ്റുവട്ടത്തിലും മതിലിന് അപ്പുറത്തേക്കും നീ ഒരേ പോലേ
വിരാജിക്കുമ്പോൾ നീ എന്നെയും മതിലിന് പുറത്തുള്ളവരെയും
കബളിപ്പിക്കുകയല്ലേ ബോഗൻവില്ല !

ഓ ബോഗൻവില്ല! നീയൊരു പ്രണയിനിയോ ! ആയതിനാൽ തന്നെ നീയൊരു
വിരഹിണിയോ വിരഹിണിയായതിനാലോ നിന്നിൽ മധുവില്ലെന്ന് ഞാൻ
നിനക്കുന്നത് വിശ്വസിക്കുന്നത് ! അതോ നീയൊരു യോഗിനിയോ ?!

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .