ഷാനോ എം കുമരൻ
കനവുകൾ കഥ മെനഞ്ഞ
നാൾ മുതൽക്കു
കാതിൽ ഞാൻ കേട്ടൊരു
പൊള്ളു – അത്തമെത്തുന്ന നാൾ
മുതൽക്കേ കാണാം നിനക്ക്
ആ മന്നനെ നാടിന്റെ നാഥനെ .
നല്ലോലക്കുടയുംചൂടി എത്തുമാ
മാവേലി മന്നനെ കാണുവാൻ
നീയൊരുങ്ങീടേണംഉണ്ണിയെ ,
മുത്തശ്ശി ഓതിയ കഥകളെ-
ന്നോടൊപ്പം വളർന്നെന്നോട്
ചോദിച്ചു നീ കണ്ടുവോ തമ്പുരാനെ?.
കാത്തിരുന്നു ഞാൻ ഓണപുടവ-
യുടുത്തും ഓണത്തുമ്പിയെപ്പോലെ
പാറി പറന്നും ഊഞ്ഞാലിലേറിയും
മുത്തച്ഛൻ എനിക്കായ് പൂമുറ്റത്ത്
പണിതൊരു ചാണകത്തറയിൽ
തുമ്പയും തുളസിയും മുല്ലയും
വാടാമുല്ലയും ജമന്തിയും പിച്ചിയും
തെച്ചിയും പിന്നെ നീലകലമ്പട്ട കൊണ്ടും
പൂക്കളമൊരുക്കി കാത്തിരുന്ന് ഞാൻ .
വന്നുപോയീ തമ്പുരാക്കന്മാരൊരുപിടി
കൊമ്പനും വമ്പനും കൊമ്പത്തിരിക്കുന്ന
തണ്ടനാം ചങ്കനും .
വന്നീലൊരുനാളും ആ മാവേലി
തമ്പുരാൻ കണ്ടില്ല ഞാനിന്നോളം
മാവേലി നാടെന്ന സ്വപ്നവും വരും
വരാതിരിയ്ക്കില്ല എന്ന സുഖമുള്ള
നിനവുകൾ എന്നോട് മന്ത്രിച്ചു
ചൊല്ലുമോ നീ ഇ കഥ നിൻ
വിരൽത്തുമ്പിൽ തൂങ്ങുന്ന അരിമുല്ല –
കുരുന്നിന്റെ കാതിൽ
കൊടുക്കുമോ നീയവൾക്കു
പ്രതീക്ഷ നിന്റെ ബാല്യം
കണ്ട സ്വപ്‌നങ്ങൾ അത്
പണ്ടാരോ ചൊല്ലിയത് പോലെ
‘ആധികൾ വ്യാധികൾ ഒന്നുമില്ല
ആപത്തങ്ങാർക്കും ഒട്ടില്ലതാനും പിന്നെയോ …
കള്ളപ്പറയും ചെറുനാഴിയും ………….. ‘
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
Leave a Reply