കൊച്ചി: ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പോലീസ്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലായിരിക്കും അന്വേഷണസംഘം ഇക്കാര്യം അറിയിക്കുക. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിനു പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നല്‍കിയത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെടും. പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാര്‍ലിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞെന്നാണ് പോലീസ് അറിയിക്കുന്നത്. 164 പ്രകാരം മൊഴി നല്‍കാമെന്ന് ആദ്യം സമ്മതിച്ച ചാര്‍ലി പിന്നീട് തന്റെ തീരുമാനം മാറ്റുകയായിരുന്നു. ദിലീപിന്റെ സ്വാധീനത്തിലാണ് ചാര്‍ലി തീരുമാനം മാറ്റിയതെന്നാണ് പോലീസ് വാദം.
കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയെന്ന് മൊഴി നല്‍കിയ ഇയാള്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ഇവ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ദിലീപിനെതിരായ കുറ്റപത്രം നാളെയാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
Leave a Reply