പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുള്ള ഏറ്റുമട്ടലിന്റെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കെ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പോലീസ് നടപടിയിലെ പഴുതുകളിലേക്ക് വെളിച്ചം വീശുന്നവയാണ്. ആദ്യ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരും മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നിലത്ത് കമിഴ്ന്ന് കിടന്നാണ് ഇവര്‍ മാവോയിസ്റ്റുകളുടെ വെടിയുണ്ടകളെ അതിജീവിച്ചതെന്നാണ് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. മാവോയിസ്റ്റുകളുണ്ടെന്ന് കരുതപ്പെടുന്ന ഒരു സ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കൊണ്ടുപോയപ്പോള്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ തണ്ടര്‍ബോള്‍ട്ടുകാര്‍ ഒരുക്കിയിരുന്നോ എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ പോലീസ് ഓഫീസര്‍ ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നോ എന്ന് വ്യക്തമല്ല. ആദ്യ വെടിവെയ്പിനു ശേഷവും മാവോയിസ്റ്റുകള്‍ സ്ഥലത്തുണ്ടായിരിക്കെ ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഇത്രയും പേരെ വനാന്തര്‍ഭാഗത്തേക്ക് കൊണ്ടുപോവാന്‍ പോലീസ് എന്തിന് തയ്യാറായി എന്ന ചോദ്യം ബാക്കിയാവുകയാണ്. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തണ്ടര്‍ബോള്‍ട്ടിനുണ്ടായ പരാജയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഉന്നത ഉദ്യോഗസ്ഥരേയും നാട്ടുകാരെയും ഇന്‍ക്വസ്റ്റിനായി എത്തിച്ചതെങ്കില്‍ വാസ്തവത്തില്‍ അവിടെ നടന്നത് ആക്രമണവും പ്രത്യാക്രമണവും ആയിരുന്നില്ലെന്ന സംശയവും ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ പങ്കുവെയ്ക്കുന്നുണ്ട്. അട്ടപ്പാടിയില്‍ നടന്നത് ഏറ്റുമുട്ടല്‍ കൊലപാതമായിരുന്നിരിക്കാം എന്ന സംശയം ശക്തമാവുന്നതും ഈ പരിസരത്തിലാണ്. എന്തായാലും അപ്രതീകഷിതമായി മാവോയിസ്റ്റുകള്‍ വീണ്ടും പ്രത്യാക്രമണത്തിന് മുതിര്‍ന്നതുമായി ബന്ധപ്പെട്ട് തണ്ടര്‍ബോള്‍ട്ട് സംഘത്തിന് വ്യക്തമായ വിശദീകരണം നല്‍കേണ്ടിവരുമെന്നു തന്നെയാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നത്.
തിങ്കളാഴ്ച തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി പോയ സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്.
ജില്ലാ പോലീസ് മേധാവിമാര്‍, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡന്റ്, അസിസ്റ്റന്റ് കമാന്‍ഡന്റ്, ഒറ്റപ്പാലം സബ്കളക്ടര്‍, അഗളി എ.എസ്.പി. റവന്യൂ, ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഒമ്പത് നാട്ടുകാരും സംഘത്തിലുണ്ടായിരുന്നു.
ആക്രമണം അപ്രതീക്ഷിതം
തലനാരിഴയ്ക്കാണ് സംഘം ആപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രാവിലെ ഒന്‍പത് മണിയോടെയാണ് ഇവര്‍ കാടിനുള്ളില്‍ പ്രവേശിക്കുന്നത്. മാവോയിസ്റ്റുകളുടെ മൃതദേഹം പ്രത്യേകം കെട്ടിമറച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇവിടേക്ക് പ്രവേശിച്ചതും മുളംകാടുകള്‍ക്കുള്ളില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടാവുകയായിരുന്നു. ഇതോടെ സംഘത്തിലുള്ളവരോട് നിലത്ത് കമിഴ്ന്നുനിടക്കാന്‍ തണ്ടര്‍ബോള്‍ട്ട് ആവശ്യപ്പെട്ടു. എല്ലാവരും കമിഴ്ന്ന് കിടന്നതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിവയ്പ്പ് ആരംഭിച്ചു.
മരണത്തെ മുഖാമുഖം കണ്ട ഒന്നരമണിക്കൂര്‍
ഏകദേശം ഒന്നരമണിക്കൂറോളം തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും നേരിട്ട് വെടിവച്ചതായി കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരില്‍ ചിലരും മാതൃഭൂമിയോട് വെളിപ്പെടുത്തി. സിനിമയില്‍ മാത്രം കണ്ടുശീലിച്ച രംഗങ്ങളെ നേരിട്ടനുഭവിച്ചതിന്റെ നടുക്കത്തിലാണ് പലരും. മഴപെയ്ത് കാട്ടിലാകെ ചെളിനിറഞ്ഞിരുന്നു. ഈ ചെളിയിലാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നര മണിക്കൂറോളം കമിഴ്ന്ന് കിടന്നത്.
മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും നേരിട്ട് ഏറ്റുമുട്ടിയതോടെ തന്റെ തൊട്ടടുത്ത് നിലത്ത് കമിഴ്ന്ന് കിടന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഭയന്ന് മൂത്രമൊഴിച്ചതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അത്രയും ഭയാനകമായ ഏറ്റുമുട്ടലാണ് കാട്ടില്‍ നടന്നതെന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ വെളിപ്പെടുത്തല്‍. 15 മിനിട്ട് ഇടവിട്ടായിരുന്നു വെടിവയ്പ്പുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. തട്ടര്‍ബോള്‍ട്ടും ശക്തമായി തിരിച്ചടിച്ചു.
ജീവനോടെയും ജീവനില്ലാതെയും മണിവാസകം മുന്നില്‍
ഏറ്റുമുട്ടലിനെ മാവോയിസ്റ്റ് നേതാവ് മണിവാസകം പുറത്തുവന്നുവെന്നും നേരിട്ടുകണ്ടുവെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. വെടിയൊച്ചകള്‍ നിലച്ചശേഷം എല്ലാവരും എഴുന്നേറ്റ് പോയപ്പോഴാണ് മരിച്ച നിലയില്‍ മണിവാസകത്തെ വീണ്ടും കണ്ടത്. തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പില്‍ മണിവാസകത്തിന് പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ക്ക് മണിവാസകത്തിന്റെ ശരീരത്തില്‍ ചൊവ്വാഴ്ച വെടിവയ്പ്പിനിടെ ഉണ്ടായ പരിക്ക് മാത്രമെ കാണാനായുള്ളു. ഇതിനിടെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതായും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു.
ആറുപേര്‍ ജീവനും കൊണ്ടോടി
ഇന്‍ക്വസ്റ്റിനായി പോയ ആദ്യ സംഘത്തെ സഹായിക്കാനായി പിന്നാലെ രണ്ടാമത് ഒരു സംഘം കൂടി പുറപ്പെട്ടിരുന്നു. റവന്യൂ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും ഉള്‍പ്പെടെ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ കാട്ടില്‍ മാവോയിസ്റ്റുകളുടെ മൃതദേഹം ഉള്ള സ്ഥലം ലക്ഷ്യമാക്കി നടക്കുന്നതിനിടെയാണ് ദൂരെ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. അപകടം മണത്ത സംഘം കാട്ടിനുള്ളിലൂടെ ജീവനും കൊണ്ട് ഓടി മേലേ മഞ്ചക്കണ്ടി ഊരിലേക്ക് തിരിച്ചെത്തി. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയുള്ള വെടിയൊച്ച കേള്‍ക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ലക്ഷ്യം സബ്കളക്ടറും ഉന്നത ഉദ്യോഗസ്ഥരും
തിങ്കളാഴ്ചത്തെ വെടിവയ്പ്പിന് ശേഷം തിരിച്ച് വെടിവയ്ക്കാന്‍ മാവോയിസ്റ്റ് സംഘം കാത്തിരുന്നത് സബ്കളക്ടറെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് വേണം മനസിലാക്കാന്‍. കാരണം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടശേഷം തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തുണ്ടായിരുന്നു. ഇവരെ തിരിച്ച് ആക്രമിക്കാതെ ഉന്നത ഉദ്യഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയത്. രാത്രിയില്‍ മൃതദേഹങ്ങള്‍ക്ക് കാവലായി വനംവകുപ്പ് ഉദ്യോഗസ്ഥരും തണ്ടര്‍ബോള്‍ട്ടും കാട്ടിനുള്ളില്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ച നേരം പുലര്‍ന്നപ്പോഴും തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മൃതദേഹം കിടക്കുന്നിടത്ത് എത്തിയിരുന്നു. അപ്പോഴും പ്രതികരിക്കാതിരുന്ന മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടത് ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണെന്ന് ഉറപ്പാണ്.
ആ എകെ 47 പറയുന്നത്
മാവോയിസ്റ്റ് സംഘത്തിന്റെ കൈവശം എ.കെ 47 തോക്കുകള്‍ കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍. ആറോളം തോക്കുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മരിച്ച മണിവാസകം ഭവാനി ദളത്തിന്റെ നേതാവാണ്. നേതൃത്വനിരയിലുള്ളവര്‍ മാത്രമാണ് മാവോയിസ്റ്റ് സംഘത്തില്‍ എ.കെ 47 ഉപയോഗിക്കുന്നത്. മണിവാസകം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇത്രയും വലിയ വെടിവയ്പ്പ് നടത്തിയത് എന്നത് അവിശ്വസനീയമാണ്. മാവോയിസ്റ്റ് നേതാവ് ചന്തുവും മണിവാസകത്തോടൊപ്പം ഉണ്ടായിരുന്നെന്നും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാവോയിസ്റ്റ് സംഘത്തിന്റെ ആയുധ പരിശീലകനും ഷാര്‍പ്പ് ഷൂട്ടറുമാണ് ചന്തു.
തിങ്കളാഴ്ച സംഭവിച്ചത് എന്ത്
തിങ്കളാഴ്ച നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് പോലീസും തണ്ടര്‍ബോള്‍ട്ടുമല്ലാതെ ദൃസാക്ഷികള്‍ ആരും ഇല്ല. ഏകപക്ഷീയമായ വെടിവയ്പ്പാണ് നടത്തതെന്നും അല്ലെന്നും വാദങ്ങളുണ്ട്. സ്വയ രക്ഷയ്ക്കായാണ് തണ്ടര്‍ബോള്‍്ട്ട് വെടിവച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ തയ്യാറായിരുന്നവെന്നും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേൃത്വം നല്‍കിയ ആദിവാസി നേതാക്കള്‍ മാധ്യമങ്ങോട് വെളിപ്പെടുത്തിക്കഞ്ഞു. പക്ഷേ ചൊവ്വാഴ്ച്ച മണിവാസതം മരിച്ചത് ഏറ്റമുട്ടലില്‍ തന്നെയാണെന്നും ഇതിന് സാക്ഷികളായ ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നു. സുരക്ഷാ കാരണങ്ങളാല്‍ സംഘത്തിലുണ്ടായിരുന്ന നാട്ടുകാരുടെ പേര് പുറത്തുവിടാന്‍ കഴിയില്ല.
Leave a Reply