ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍.

എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു മുൻ ഗവണ്‍മെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തില്‍ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകൻ കൂടിയായ അഡ്വ.ബി.എ.ആളൂർ പ്രതികരിച്ചത്. പീഡന കേസില്‍ യുവതിയുടെ വീട്ടില്‍ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പി.ജി മനു മാനസികമായി തകർന്നത്. ഇക്കാരണത്താല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ആളൂർ പറഞ്ഞിരുന്നു.