ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനയ്ക്കിടെ രണ്ടുയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസില്ല. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കഞ്ഞിക്കുഴി സ്വദേശി ക്ഷേബുവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. അപകടത്തില്‍ ക്ഷേബുവിന്റെ ഭാര്യ മരിക്കുകയും രണ്ടു പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടും നീതി കിട്ടുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

എഴുന്നേല്‍ക്കാന്‍പോലുമാവാത്ത വിധം കിടപ്പിലാണ് ക്ഷേബു. നട്ടെല്ലിനാണ് പരുക്ക്. മറ്റൊരു മുറിയില്‍ കാലിനും കൈക്കും പ്ലാസ്റ്ററിട്ട് മൂത്തമകള്‍ ഹര്‍ഷ. തൊട്ടടുത്ത് ഈ അവസ്ഥയില്‍ ഇളയമകള്‍ ശ്രീലക്ഷ്മി. ഇരുവരുടെയും കാലുകള്‍ക്ക് ശസ്ത്രക്രിയ നടത്തി ലോഹദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. ബൈക്കില്‍ ഒപ്പം യാത്രചെയ്തിരുന്ന അമ്മ ഇപ്പോള്‍ ഓര്‍മ്മ മാത്രമാണ്.

പക്ഷേ പൊലീസിന്റെ രേഖകളില്‍ ഈ കുടുംബമാണ് ഇപ്പോഴും കുറ്റക്കാര്‍. ആപത്തുവരും വിധം, അതിവേഗതയില്‍, ഉദാസീനമായി ബൈക്കോടിച്ച് ക്ഷേബു രണ്ടുപേരുടെ മരണത്തിനിടയാക്കി എന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍ അപകടം നടന്നത് പൊലീസ് വാഹനം കുറുകെയിട്ടതുകൊണ്ടാണെന്ന് ക്ഷേബുവിന്റെ മൊഴിയിലുണ്ട്. പക്ഷേ ഇക്കാര്യം പൊലീസ് പരിഗണിച്ചതേയില്ല.

സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ആലപ്പുഴ എസ്.പി. എസ് സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈവേ പൊലീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതും രണ്ട് സിപിഓമാര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതും. എന്നിട്ടും രണ്ടുപെണ്‍മക്കള്‍ക്കൊപ്പം ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഈ ഗൃഹനാഥനാണ് അന്വേഷണവഴിയില്‍ കുറ്റക്കാരന്‍.

ജില്ലാപൊലീസ് മേധാവിയുടെയും ഐജിയുടെയും നടപടി തള്ളുന്നതാണ് മാരാരിക്കുളം പൊലീസിന്‍റെ അന്വേഷണം എന്നതാണ് വിചിത്രം.