ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബർമിങ്ഹാമിൽ റമദാനോട് അനുബന്ധിച്ച് നടത്തിയിരുന്ന അനധികൃത കച്ചവടസ്ഥാപനങ്ങൾ പൊളിച്ചു നീക്കി. എന്നാൽ സംഭവസ്ഥലത്ത് പോലീസ് കടുത്ത ആക്രമണത്തെ നേരിട്ടതായാണ് റിപ്പോർട്ടുകൾ . ഒഴിപ്പിക്കാൻ എത്തിയ പോലീസിന് നേരെ ആക്രമികൾ കുപ്പികൾ ഉൾപ്പെടെ വലിച്ചെറിഞ്ഞു. ഞായറാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. ആക്രമണം നടന്ന ബെർമിംഗ്ഹാമിലെ സ്മോൾ ഹീത്തിൽ വലിയ ജനക്കൂട്ടം സംഭവം നടക്കുമ്പോൾ തടിച്ചു കൂടിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനധികൃത കച്ചവടം കാരണം മാലിന്യവും ബഹളവും വർധിക്കുന്നതായി പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പോലീസ് കടുത്ത നടപടിക്ക് മുതിർന്നത്. പലപ്പോഴും റോഡുകൾ തടസ്സപ്പെടുന്നതായും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും സ്ഥലത്തെ താമസക്കാർ പരാതി ഉന്നയിച്ചിരുന്നു. ട്രേഡിങ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് ഒപ്പമാണ് പോലീസ് കുടിയൊഴിപ്പിക്കൽ നടത്തിയത് . സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചു.

സ്മോൾ ഹീത്തിലെ കവൻട്രി റോഡിലും ലേഡിപൂൾ റോഡിലും വസ്ത്രങ്ങൾ, പെർഫ്യൂം, ഭക്ഷണം എന്നിവ വിൽക്കുന്ന താൽക്കാലിക മാർക്കറ്റുകൾ റമദാന് നോമ്പ് തുറക്കാൻ എത്തുന്നവരുടെ ഇടയിൽ കച്ചവടത്തിനായി തുറന്നിരുന്നു. രാത്രി വൈകിയും ഇവിടെ കച്ചവടം നടക്കുന്നതും പരിസരം മലിനമാക്കുന്നതും സമീപവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ ഭാഗത്തെ തിരക്കും അരാജകത്വവും നേരത്തെ തന്നെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു . അനധികൃത കച്ചവടം മൂലം ചപ്പുചവറുകൾ നിറയുന്നതിനു പുറമെ രാത്രിയുടനീളം പുലർച്ച വരെയുള്ള ശബ്ദം മലിനീകരണവും കടുത്ത പോലീസ് നടപടികളിലേയ്ക്ക് വഴി വച്ചതെന്നാണ് ബർമിങ്ഹാം സിറ്റി കൗൺസിലർ വക്താവ് അറിയിച്ചത്.