ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം വിമാനത്താവളത്തിൽ തായ്‌ലൻഡിൽ നിന്ന് 22 സ്യൂട്ട്കേസുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പൊലീസ് പിടികൂടി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 21 മുതൽ 35 വയസുവരെയുള്ള 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണിവില 14 മില്യൺ പൗണ്ടിനടുത്താണെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത് . ഇവർ പാരീസ് ചാൾസ് ഡിഗോൾ വിമാനത്താവളം വഴി യുകെയിലേക്കാണ് എത്തിയതെന്ന് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റിൽ സമാനമായ സാഹചര്യത്തിൽ അര ടണ്ണിലധികം കഞ്ചാവ് പിടികൂടിയിരുന്നു . അന്ന് പിടിയിലായ ഒൻപത് പേരെ ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ, നവംബർ 28-ന് ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ വീണ്ടും ഹാജരാകാൻ ജാമ്യത്തിൽ വിടുകയായിരുന്നു . മയക്കുമരുന്ന് ഇറക്കുമതി നടത്തിയതായി സംശയിക്കുന്ന ആറ് പേരെ ലൂട്ടണിലും നോർത്ത് ലണ്ടനിലുമുള്ള സ്ഥലങ്ങളിൽ നിന്ന് പിടികൂടിയെങ്കിലും കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ വർഷം താരതമ്യേന ബ്രിട്ടനിലേക്ക് വിമാന മാർഗം കഞ്ചാവ് കടത്താനുള്ള ശ്രമങ്ങൾ മൂന്നു മടങ്ങ് വർധിച്ചിട്ടുണ്ടെന്ന് എൻസിഎ അറിയിച്ചു. തായ്‌ലൻഡ്, കാനഡ, മയക്കുമരുന്ന് നിയമപരമായി കൃഷി ചെയ്യുന്ന അമേരിക്കൻ ഭാഗങ്ങൾ എന്നിവയാണ് പ്രധാന ഉറവിടങ്ങൾ. മുൻ ആഴ്‌സണൽ താരം ജയ് ഇമ്മാനുവൽ തോമസ് തായ്‌ലൻഡിൽ നിന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് നാല് വർഷത്തെ തടവിന് വിധിക്കപ്പെട്ടതും ബ്രിട്ടീഷ് വിദ്യാർത്ഥിനി ബെല്ല കുല്ലി ജോർജിയയിൽ കഞ്ചാവുമായി പിടിയിലായത് അടക്കം ഒട്ടേറെ സമാന കേസുകൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.











Leave a Reply