ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റില്‍ വലയൊരുക്കി കാത്തിരിക്കുന്ന പതിനായിരക്കണക്കിനാളുകളെ തിരിച്ചറിഞ്ഞതായി പോലീസ്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന 4000 പേര്‍ മാത്രമുള്ള ഒരു ചാറ്റ്‌റൂം കണ്ടെത്തിയതായി നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ സൈമണ്‍ ബെയ്‌ലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ഈ ചാറ്റ്‌റൂമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും അന്വേഷണം നടത്തിയതും. കുട്ടികളെ കെണിയില്‍പ്പെടുത്തുക എന്ന ലക്ഷ്യവുമായി പതിനായിരക്കണക്കിന് ആളുകളാണ് ചാറ്റ്‌റൂമുകളിലും ഫോറങ്ങളിലും എത്തുന്നതെന്ന് നോര്‍ഫോക്ക് കോണ്‍സ്റ്റാബുലറി ചീഫ് കോണ്‍സ്റ്റബിളും സൂചിപ്പിച്ചു.
കുട്ടികളോട് ലൈംഗികത തോന്നുന്ന പീഡോഫൈലുകള്‍ക്ക് നേരത്തേയില്ലാത്ത വിധം കുട്ടികളെ സ്വാധീനിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന, തിരിച്ചറിഞ്ഞവരുടെ എണ്ണം 20,000നു മേല്‍ വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാനും പിടികൂടാനും പലപ്പോഴും സാധിക്കാറില്ലെന്നും പോലീസ് സമ്മതിക്കുന്നു.
എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ആയിരക്കണക്കിന് പോലീസുകാരുടെ പരിശ്രമം ആവശ്യമാണെന്ന വസ്തുതയും പോലീസ് അറിയിക്കുന്നുണ്ട്. പെരിസ്‌കോപ്പ്, ഫേസ്ബുക്ക് ലൈവ് പോലെയുള്ള ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ അപകടങ്ങളേക്കുറിച്ചുള്ള ക്യാംപെയിനിംഗിലാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്‍പിസിസിയും നാഷണല്‍ ക്രൈ ഏജന്‍സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Leave a Reply