ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിൽ ആയിരുന്നപ്പോൾ ഉള്ള പുൽക്കൂട് നിർമ്മാണവും വീട് വീടാന്തരം കയറിയുള്ള കരോളും ഒക്കെ ക്രിസ്മസ് ദിനങ്ങളിൽ പല യു കെ മലയാളികളുടെയും മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്. പണ്ടൊക്കെ ക്രിസ്മസ് അവധിക്കാലത്ത് പ്രധാന പരിപാടി പനയോലയും തെങ്ങോലയും വൈക്കോലും മേഞ്ഞുണ്ടാക്കുന്ന പുൽക്കൂടുകളായിരുന്നു. ഇന്ന് കടകളിലും ഓൺലൈൻ ആയിട്ടും മേടിക്കുന്ന പുൽക്കൂടുകൾ ആണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. തനതായ രീതിയിൽ ക്രിയാത്മകമായി ഓരോ വീടുകളിലും കുടുംബാംഗങ്ങൾ ഒരുമിച്ച് ഉണ്ടാക്കുന്ന ക്രിസ്മസ് പുൽക്കൂടിന്റെ മനോഹാരിത ഒന്നു വേറെ തന്നെയായിരുന്നു.

എൻഎച്ച്എസിലെ ജോലിത്തിരക്കിനിടയിലും മനോഹരമായ പുൽക്കൂട് ഉണ്ടാക്കി ശ്രദ്ധ നേടിയിരിക്കുകയാണ്. ലീഡ്സിൽ നിന്നുള്ള ബിനോയി ജേക്കബും ഭാര്യ ക്ലിന്റ് സെബാസ്റ്റ്യനും . നാട്ടിലായിരുന്നപ്പോൾ വീട്ടിലും തൻ്റെ ഇടവകയായ അറുമാനൂർ മംഗള വാർത്ത പള്ളിയിലും ക്രിസ്മസ് കാലത്ത് പുൽക്കൂടുകൾ ഉണ്ടാക്കുന്ന പതിവ് യുകെയിലെത്തിയിട്ടും തുടർന്നതിന്റെ സന്തോഷത്തിലാണ് ബിനോയി . രണ്ടര വർഷം മുമ്പ് യുകെയിലെത്തിയ ബിനോയി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലപരുമിതി കൊണ്ട് ചെറിയ പുൽക്കൂട് കഴിഞ്ഞവർഷം ബിനോയി നിർമ്മിച്ചിരുന്നു. എന്നാൽ ഈ വർഷം സ്വന്തം വീട് വാങ്ങിച്ച് താമസം തുടങ്ങിയ ബിനോയി വീടിന്റെ ഒരു മുറി മുഴുവനായും തൻറെ മനസിനിണങ്ങിയ രീതിയിലുള്ള പുൽക്കൂട് സജ്ജീകരിച്ചിരിക്കുകയാണ്.

തദ്ദേശീയമായി ലഭിച്ച വസ്തുക്കളാണ് പുൽക്കൂടിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമായും കാർഡ്ബോർഡ് ആണ് നിർമ്മാണ വസ്തു . കൂടാതെ മെറ്റലും ചരലും മുളയും ബിനോയിയുടെ കരവിരുതും കൂടി ചേർന്നപ്പോൾ യുകെയിലെ തന്നെ ഏറ്റവും മനോഹരമായ പുൽക്കൂടായി ഈ ലീഡ്സ് മലയാളിയുടേത്.

ഇയർ ത്രീയിൽ പഠിക്കുന്ന എയിഡനും എട്ട് മാസം മാത്രം പ്രായമുള്ള ഡാനിയേലുമാണ് ബിനോയ് ക്ലിൻറ് ദമ്പതികൾക്ക് ഉള്ളത്. തന്നെ പുൽക്കൂട് നിർമ്മിതിയിൽ ഏറ്റവും കൂടുതൽ സഹായിച്ചത് ഭാര്യ ക്ലിൻറും മകൻ എയ്ഡനും ആണെന്ന് ബിനോയി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ കോട്ടയത്തിനടുത്തുള്ള അറുമാനൂർ ആണ് ബിനോയിയുടെ സ്വദേശം . ബിനോയിയും ക്ലിന്റും ചാപ്പൽ അലർട്ടൺ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും ജോലികഴിഞ്ഞ് രാത്രി 2:00 മണി വരെ നീണ്ടുനിൽക്കുന്നതായിരുന്നു ബിനോയിയുടെ പുൽക്കൂട് നിർമ്മാണം .

ലീഡ്‌സിലെ LS -9 – ൽ താമസിക്കുന്ന ബിനോയിയും കുടുംബവും സെന്റ് മേരീസ് ആന്റ് . സെന്റ് വിൽഫ്രഡ് ഇടവകാംഗങ്ങളാണ്. പള്ളിയിലെ മെൻഫോറം പ്രസിഡന്റ്, ലീഡ്സ് മലയാളി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ബിനോയി. ഒട്ടേറെ മലയാളികളും ഇംഗ്ലീഷുകാരുമുൾപ്പെടെയുള്ള സുഹൃത്തുക്കളാണ് ബിനോയിയുടെ കരവിരുതിൽ തീർത്ത പുൽക്കൂടു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.