യുകെയില്‍ കസ്റ്റഡി മരണനിരക്ക് വര്‍ദ്ധിക്കുന്നു; പത്ത് വര്‍ഷത്തിനിടെയുണ്ടായത് 64ശതമാനം വര്‍ദ്ധനവ്; മരണനിരക്ക് ഉയരാന്‍ കാരണം വംശീയതയെന്ന് ആരോപണം

യുകെയില്‍ കസ്റ്റഡി മരണനിരക്ക് വര്‍ദ്ധിക്കുന്നു; പത്ത് വര്‍ഷത്തിനിടെയുണ്ടായത് 64ശതമാനം വര്‍ദ്ധനവ്; മരണനിരക്ക് ഉയരാന്‍ കാരണം വംശീയതയെന്ന് ആരോപണം
July 26 05:59 2018 Print This Article

ലണ്ടന്‍: യുകെയില്‍ പോലീസ് കസ്റ്റഡി മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കസ്റ്റഡി അനുബന്ധ മരണനിരക്കില്‍ 64 ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഡിപെന്റഡന്‍ഡ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് (ഐഒപിസി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 2017/18 കാലഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടിരിക്കുന്നത് 23 പേരാണ്. മുന്‍ വര്‍ഷം 14 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഈ വര്‍ഷം മരണപ്പെട്ടിരിക്കുന്ന 23പേരില്‍ 12 പേര്‍ക്ക് മാനസികമായി പ്രശ്‌നങ്ങള്‍ ഉള്ളവരായിരുന്നു. കൂടാതെ കൊല്ലപ്പെട്ട 75 ശതമാനത്തോളം പേരില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനം ഉണ്ടായിരുന്നതായി ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളെ നേരിടുമ്പോള്‍ വിദഗ്ദ്ധരുടെ സഹായം തേടണമെന്ന് പോലീസിനോട് സോഷ്യല്‍ വര്‍ക്കേഴ്‌സ് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതയാണ്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. കസ്റ്റഡി മരണങ്ങള്‍ക്ക് പിന്നില്‍ വംശീയമായ കാരണങ്ങളുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടിയിലെയും വെയില്‍സിലെയും കസ്റ്റഡി മരണങ്ങള്‍ വംശീയമായി ഉണ്ടായിട്ടുള്ളവയാണെന്നാണ് ക്യാംപെയിനേഴ്‌സിന്റെ വാദം. എട്ടിലധികം കറുത്ത വംശജര്‍ വംശീയതയുടെ ഇരകളായി കൊല്ലപ്പെട്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് വംശീയമായ പ്രവൃത്തികളുണ്ടായിട്ടുണ്ട് എന്നതിന് തെളിവുകളുണ്ടെന്ന് ക്യാംപെയിനേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സമ്മറില്‍ ഈസ്റ്റ് ലണ്ടനില്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് റഷാന്‍ ചാള്‍സ് എന്ന 20കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. കോഫീന്‍-പാരസെറ്റാമോള്‍ മിശ്രിതം കയ്യില്‍ വെച്ചതിനായിരുന്നു ചാള്‍സിനെ പോലീസ് പിന്തുടര്‍ന്നത്. മാനസിക വൈകല്യമുള്ള കെവിന്‍ ക്ലാര്‍ക്കെന്ന 35 കാരനാണ് സമാന രീതിയില്‍ കൊല്ലപ്പെട്ട മറ്റൊരു വ്യക്തി.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles