ലണ്ടന്‍: നിരത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന നീക്കവുമായി യു.കെ പോലീസ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വളരുന്ന സാഹചര്യത്തിലാണ് നിയമലംഘനങ്ങള്‍ പിടികൂടാന്‍ പുതിയ ടെക്‌നോളജിയുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തിരിച്ചറിയാനായി പോലീസ് ക്യാമറുകളാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇനി കാര്യങ്ങള്‍ മാറും. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ ഓട്ടോമാറ്റിക് ഡിറ്റക്ടേഴ്സ് ആയിരിക്കും ഇനി മുതല്‍ പോലീസ് ഉപയോഗിക്കുക.

ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെയെളുപ്പം ‘ഡിറ്റക്ടേഴ്സ്’ കണ്ടുപിടിക്കാന്‍ സാധിക്കും. തെംസ് വാലി പോലീസും ഹാംപ്‌ഷെയര്‍ പോലീസ് സേനയും സംയുക്തമായിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. റോഡില്‍ ഡ്രൈവര്‍മാരുടെ ജാഗ്രതയില്ലായ്മയ്ക്ക് തടയിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെസ്റ്റ്‌കോടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് ‘ഡിറ്റക്ടേഴ്സ്’ നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്. ‘ഡിറ്റക്ടേഴ്സ്’ വികസിപ്പിച്ചെടുത്തതും കമ്പനി തന്നെയാണ്. കഴിഞ്ഞ വര്‍ഷമാണ് പുതിയ ടെക്‌നോളജി ആദ്യമായി ടെസ്റ്റ് ചെയ്യുന്നത്. പരിശോധനയില്‍ ഇവ പോലീസിന് ഗുണപ്രദമാകുമെന്ന് വ്യക്തമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാറില്‍ നിന്ന് പുറപ്പെടുന്ന 3ജി, 4ജി, 2ജി സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ‘ഡിറ്റക്ടേഴ്സ്’ പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് ഫ്രീ ആയി ഉപയോഗിച്ചാലും ‘ഡിറ്റക്ടേഴ്സ്’ അത് തിരിച്ചറിയും. നിലവില്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴയും ആറ് പോയിന്റ് ലൈസന്‍സില്‍ അടയാളപ്പെടുത്തുകയുമാണ് ശിക്ഷ. 2016 ആഗസ്റ്റില്‍ നടന്ന ഒരു അപകടത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായത് ഡ്രൈവറുടെ അശ്രദ്ധ മൂലമായിരുന്നു. ലോറി ഡ്രൈവറായിരുന്ന തോമസ് ക്രൂക്കര്‍ മൊബൈല്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ ക്രൂക്കറിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാനാണ് ‘ഡിറ്റക്ടേഴ്സ്’ പോലുള്ള സംവിധാനം സ്ഥാപിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.