ടെക്‌സാസ്: അമേരിക്കയില്‍ മൂന്ന് വയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് വീണ്ടും അറസ്റ്റിലായി. ഷെറിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഷെറിനെ കാണാതായത് സംബന്ധിച്ച് വെസ്ലി നേരത്തേ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടി കൊല്ലപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ വെച്ചുതന്നെയായിരിക്കാം കൊലപാതകം നടന്നിട്ടുള്ളതെന്നും പോലീസിന് സംശയമുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിക്ക് പാല് കുടിക്കാന്‍ വിസമ്മതിച്ചതിനാല്‍ മുറ്റത്ത് മരത്തിനു കീഴില്‍ ഒറ്റക്ക് നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. പുതുതായി നല്‍കിയ മൊഴി പോലീസ് പുറത്തു വിട്ടിട്ടില്ല. വീടിന് ഒരു കിലോമീറ്റര്‍ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചതിനുള്ള വകുപ്പുകളും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.

വെസ്ലിയുടെ കാറില്‍ നിന്ന് ലഭിച്ച് ഡിഎന്‍എ സാമ്പിളുകള്‍ കൊലപാതകമാണെന്ന പോലീസിന്റെ സംശയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച കുട്ടിയുടെ മൃതദേഹം ഷെറിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴാം തിയതിയാണ് ഷെറിനെ കാണാതായെന്ന് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ വെസ്ലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.