ശബരിമലയിൽ സുരക്ഷയൊരുക്കാൻ വന്ന പോലീസുകാർ നിലക്കലിലെ ബേസ് ക്യാമ്പിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ വലയുന്നുവെന്നു പരാതി. 15300 പോലീസുകാരേയാണ് ഇത്തവണ സർക്കാർ ശബരിമല അനുബന്ധ ജോലികൾക്കായി വിന്യസിച്ചിരിക്കുന്നത്. നിലക്കലിൽ സുരക്ഷയൊരുക്കാനായി എത്തിയ പോലീസുകാർ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ ഇങ്ങനെയാണ്.
താത്കാലിക ഷെഡ്ഡുകളിലും മറ്റ് പലയിടത്തുമായാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലായിടത്തും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ പോലും കുറവാണ്. എസ്‌ഐ റാങ്കിലടക്കമുള്ള ഉദ്യോഗസ്ഥർ പോലും കിടക്കുന്നത് വെറുംനിലത്താണ്. ഒരു ദിവസം ഒരു പോലീസ് ഓഫീസർക്ക് കുറഞ്ഞത് 12 മണിക്കൂർ ഡ്യുട്ടി ഉണ്ടാകും. 16 ദിവസം തുടർച്ചയായി ഇത്തരത്തിൽ ജോലിയും ചെയ്യണം. സാധാരണ ശാന്തമായി അവസാനിക്കുന്നതാണ് ശബരിമല ഉത്സവകാലം. എന്നാൽ ക്രമസമാധാന പ്രശനങ്ങളുള്ള സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ പോലും ഇത്തവണത്തെ ജോലി ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം.
പ്രളയത്തിൽ സർവതും നശിച്ച പമ്പയിൽ നിന്നും ആദ്യമായാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റുന്നത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും, കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പൊലീസുകാരെ നിയോഗിക്കേണ്ടിവന്നതുമാണ് നിലവിലെ സാഹചര്യതിന് കാരണമായതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
Leave a Reply