കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന പരാമര്‍ശത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസിക്കെതിരെ അന്വേഷണം തുടങ്ങി. എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്നതരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ്.

ചവറ പോലീസാണ് അന്വേഷണം നടത്തുന്നത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പോലീസ് തെളിവു ശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ വിധിപറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടും. ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നും തുളസി വിശേഷിപ്പിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

സംസ്ഥാന വനിതാ കമ്മിഷന്‍ എടുത്ത കേസിലും കൊല്ലം തുളസിയെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനായി ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നാണ് വിവരം. ചവറ സി.ഐ. ചന്ദ്രദാസിന്റെ നേതൃത്വത്തിലാണ് തുളസിക്കെതിരെ അന്വേഷണം നടക്കുന്നത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.