ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിനെപ്പറ്റി പഠിക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഇന്നു തന്നെ ദിലീപിന്റെ അപേക്ഷ പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇത് നിരസിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരാണ് ഹാജരായത്.
അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ട്. എന്നാൽ ദിലീപ് അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു. യുവനടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകൾ പരിശോധിച്ച ശേഷമാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ആലുവ സബ് ജയിലിൽ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു.
കേസിന്റെ ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ പങ്കാളിയായ സഹായിയും ഡ്രൈവറുമായ സുനിൽരാജ്(അപ്പുണ്ണി) ദിലീപ് അറസ്റ്റിലായ ശേഷം ഒളിവിൽ പോയി. മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ദിലീപിനെ ഏൽപിക്കാൻ കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോയും ഇപ്പോൾ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതിക്കു ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കുമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇരയായ നടിയുടെ സുരക്ഷാ പ്രശ്നവും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ ഇതേ സമയം പോലീസ് കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷിന്റെ മൊഴിയെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു. നേരത്ത, പൾസർ സുനി മുകേഷിന്റെ ഡ്രെവറായി ജോലി ചെയ്തിരുന്നു.
പള്‍സര്‍ സുനിയെ പിന്നീട് പുറത്താക്കിയത് ഒരു ഓവര്‍ സ്പീഡ് കാരണമായിരുന്നെന്ന് മുകേഷ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ കൂടെ ഒരു വര്‍ഷത്തോളം മാത്രമാണ് അയാള്‍ ഉണ്ടായിരുന്നതെന്നും അമിതവേഗത ആയത് കൊണ്ടാണ് പിരിച്ചവിട്ടതെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ ദിലീപ് സുനിയുമായി ചേര്‍ന്ന് നടിക്കെതിരെ ഗൂഢാലോചന നടത്തിയ കാലയളവിലായിരുന്നു സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തത്.
“അയാള്‍ രണ്ട് വര്‍ഷത്തോളം എന്റെ കൂടെ ഉണ്ടായിരുന്നില്ല. ഒരു വര്‍ഷം മാത്രമാണ് ഉണ്ടായത്. പിരിച്ചുവിട്ടത് ക്രിമിനല്‍ ആണെന്ന് അറിഞ്ഞത് കൊണ്ടല്ല. അമിതവേഗതയില്‍ വണ്ടി ഓടിക്കുന്നത് കാരണമാണ് സുനിയെ പിരിച്ചുവിട്ടത്,” മുകേഷ് പറഞ്ഞു. നടനും സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അദ്ദേഹത്തെ വിളിപ്പിച്ചത്.
Leave a Reply