ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസ്. ഇതിനൊപ്പം വനമേഖലയില്‍ താമസിക്കുന്ന 74 ആദിവാസികളെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ പൊലീസിലെടുത്തു. വനമേഖല കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പൊലീസിലെ ആദിവാസി അംഗങ്ങള്‍ കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു..
മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പൊലീസായുള്ള നിയമന ഉത്തരവ് കൈമാറുമ്പോള്‍ അതൊരു ചരിത്രമാണ്. കൂടാതെ മധുവിന്റെ ജീവനെടുത്ത സമൂഹത്തിന്റെ തെറ്റിനുള്ള പരിഹാരവും. മധുവിന്റെ പട്ടിണിയുടെ ഓര്‍മളോടെ മല്ലിയും ചന്ദ്രികയും സന്തോഷം പങ്കുവച്ചു.
രാജ്യ ചരിത്രത്തില്‍ ആദ്യമായെന്ന ഖ്യാതിയോടെയാണ് പൊലീസിലേക്ക് ആദിവാസികള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയത്. വയനാട്, അട്ടപ്പാടി, നിലമ്പൂര്‍ വനമേഖലകളില്‍ താമസിക്കുന്ന 52 യുവാക്കളും 22 യുവതികളും പൊലീസിന്റെ ഭാഗമായി. ഇവര്‍ക്ക് അവരുടെ ജില്ലകളില്‍ നിയമനം നല്‍കുന്നതോടെ വനമേഖലയിലെ സുരക്ഷ ശക്തമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്താണ് സംവരണത്തിന് പുറമെ ആദിവാസികള്‍ക്ക് നിയമനം നല്‍കിയത്. അടുത്തമാസം ആദ്യ പൊലീസ് അക്കാഡമിയില്‍ തുടങ്ങുന്ന പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഇവര്‍ കാക്കിപ്പടയുടെ ഭാഗമാകും. മന്ത്രി എ.കെ. ബാലന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply