ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലീഡ്‌സിലെ ഹോർസ്ഫോർത്ത് സ്കൂളിന് സമീപം 15 വയസ്സുകാരനായ ആൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഹോർസ്ഫോർത്തിലെ ടൗൺ സ്ട്രീറ്റിലാണ് സംഭവം. ഉടൻതന്നെ എമർജൻസി സർവീസുകൾ എത്തി കുത്തേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് അറിയിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും, ഇത്തരത്തിലുള്ള ഒരു ദാരുണമായ സംഭവം പ്രാദേശികമായി സമൂഹത്തിൽ ഉണ്ടാക്കുന്ന വലിയ ആഘാതവും വലിയ ഞെട്ടലും തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അതിനാൽ തന്നെ എത്രയും വേഗം അന്വേഷണം നടത്തുമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ സ്റ്റെസി അറ്റ്കിൻസൺ അറിയിച്ചു.

ഹോഴ്‌സ്‌ഫോർത്തിലെ സംഭവം ഭയാനകവും വേദനിപ്പിക്കുന്നതുമാണെന്ന് ഹോർസ്ഫോർത്ത് എം പി സ്റ്റുവർട്ട് ആൻഡ്രൂ പറഞ്ഞു. ഹോർസ്ഫോർത്ത് സ്കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്നു മരണമടഞ്ഞ കുട്ടി. മലയാളികൾ തിങ്ങിപ്പറക്കുന്ന സ്ഥലമാണ് ലീഡ്സ്, വെസ്റ്റ് യോർക്ക്ഷെയർ എന്നീ സ്ഥലങ്ങൾ. അതിനാൽ തന്നെ പുറത്തു വന്നിരിക്കുന്ന വാർത്ത മലയാളികളെ ആകെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സംഭവം ഉണ്ടാക്കിയ മുറിവ് നികത്താൻ ആവാത്തതാണെന്നും, കുട്ടിയുടെ കുടുംബത്തോടുള്ള എല്ലാ പിന്തുണയും അറിയിക്കുന്നതായും ഹോർസ്ഫോർത്ത് സ്കൂൾ മേധാവി പോൾ ബെൽ പറഞ്ഞു.











Leave a Reply