ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ നിന്ന് ചൈനയിലേക്ക് മോഷ്ടിച്ച മൊബൈൽ ഫോണുകൾ കടത്തിയെന്ന് സംശയിക്കുന്ന കുറ്റകൃത്യ സംഘത്തെ തകർത്ത് മെട്രോപ്പൊളിറ്റൻ പൊലീസ് 46 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഹീത്രോ വിമാനത്താവളത്തിന് സമീപമുള്ള ഒരു ഗോഡൗണിൽ നിന്ന് ഹോങ്കോങ്ങിലേക്കു പോകുന്ന ബോക്സിൽ ഏകദേശം 1,000 ഐഫോണുകൾ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗം ഫോണുകളും മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് “ഓപ്പറേഷൻ എക്കോസ്റ്റീപ്പ്” എന്ന പേരിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സാങ്കേതിക തെളിവുകൾ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിഞ്ഞത് . സെപ്റ്റംബർ 23 -നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത് . ഇവരുടെ വാഹനത്തിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും 2,000 ഫോണുകൾ ആണ് പൊലീസ് പിടികൂടിയത് .

പ്രതികൾ പ്രധാനമായും ആപ്പിൾ ഉൽപ്പന്നങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത് എന്ന് പോലീസ് അന്വേഷണത്തിൽ, കണ്ടെത്തി. വിദേശ വിപണിയിൽ ലഭിക്കുന്ന വൻ ലാഭമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മാർക്ക് ഗേവിൻ വ്യക്തമാക്കി. തെരുവ് മോഷ്ടാക്കൾക്ക് ഓരോ ഫോണിനും £300 വരെ ലഭിച്ചിരുന്നു. ഈ ഫോണുകൾ ചൈനയിൽ ഏകദേശം £3,700 വരെ വിലയ്ക്ക് വിൽക്കപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഹീത്രോ വിമാനത്താവളത്തിലും വടക്കൻ ലണ്ടനിലുമുള്ള ഫോൺഷോപ്പുകളിലും നടന്ന റെയ്ഡുകളിൽ പൊലീസ് 40,000 പൗണ്ടും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.

ഈ ഓപ്പറേഷൻ ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ മോഷണ-തട്ടിപ്പ് കേസുകളിലൊന്നാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാൻഡർ ആൻഡ്രൂ ഫെതർസ്റ്റോൺ വ്യക്തമാക്കി. ഈ കുറ്റകൃത്യത്തിനെതിരെ കടുത്ത നടപടികൾ പോലീസ് സ്വീകരിച്ചുവെങ്കിലും നിർമ്മാതാക്കളായ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികൾ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോഷ്ടിച്ച ഫോണുകൾ വിദേശത്തേക്ക് വിൽക്കുന്നത് അതീവ ലാഭകരമായ കുറ്റകൃത്യമായി മാറിയിരിക്കുന്നു; ഈ വ്യാപാരം ആഗോളതലത്തിൽ തന്നെ അവസാനിപ്പിക്കാനുള്ള ഏകോപിതമായ നടപടികൾ അനിവാര്യമാണ്,” എന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ വിഷയത്തിൽ പ്രതികരിച്ചത് .











Leave a Reply