ബെംഗളൂരു: തടഞ്ഞു നിര്‍ത്തിയത് രാഷ്ട്രപതിയെയാണ്. അതും അകമ്പടി വാഹനങ്ങളുള്ള രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ. തടഞ്ഞു നിര്‍ത്തിയതാവട്ടെ പോലീസുകാരനും. സസ്‌പെന്‍ഷനല്ല സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ തന്നെ കാരണമായേക്കാവുന്ന സംഭവം. പക്ഷെ ബെംഗളൂരുവിലെ ട്രാഫിക് പോലീസുകാരന് ഈ കൃത്യം ചെയ്തതിന് സംസ്ഥാന പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു.
ജനപ്രതിനിധികള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധാരണക്കാരുടെ സമയത്തിനും സൗകര്യത്തിനും വിലകല്‍പിക്കാതെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്നതാണ് പൊതുവെ ഇന്ത്യയാകമാനം കണ്ടു വരുന്ന രീതി. അപ്പോള്‍ പിന്നെ ആ സ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണെങ്കില്‍ പറയേണ്ടതില്ലല്ലോ.
എന്നാല്‍ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിലേക്ക് കടന്നു വരുന്നത് ഒരു ആംബുലന്‍സാണെങ്കിലോ. പ്രഥമ പരിഗണന എന്താണെന്ന അങ്കലാപ്പിലാവും പോലീസുകാരന്‍. എന്നാല്‍ സംശയങ്ങളോ ആശയക്കുഴപ്പമോ ഇല്ലാതെ സന്ദര്‍ഭത്തിനനുസരിച്ച് മനസ്സാന്നിധ്യം കൈവെടിയാതെ ആ പോലീസുകാരൻ പ്രഥമ പൗരനേക്കാള്‍ പ്രഥമ പരിഗണന ആംബുലന്‍സിന് തന്നെ നല്‍കി.
രാഷ്ട്രപതി കാത്തു നില്‍ക്കട്ടെ ആംബുലന്‍സ് പോകട്ടെ എന്ന നിലപാടെടുത്തത് ബെംഗളൂരു ട്രാഫിക് പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ എംഎല്‍ നിജലിംഗപ്പയാണ്.
ജൂണ്‍ 17നാണ് സംഭവം. ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്രിനിറ്റി സര്‍ക്കിളില്‍ രാഷ്ട്രപതിയുടെ വാഹനം എത്തിച്ചേരുന്നതിന് ഏതാനും നിമിഷം മുമ്പാണ് വാഹന വ്യൂഹത്തെ തടഞ്ഞു നിര്‍ത്തി അതു വഴി വന്ന ആംബുലന്‍സിന് കടന്നു പോകാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നിജലിംഗപ്പ തനിക്ക് കീഴിലുള്ള പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുകിയത്.
പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭയ് ഗോയാല്‍ നിജലിംഗപ്പയെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയായത്. ബെംഗളൂരു പോലീസ് അദ്ദേഹത്തിന് പാരിതോഷികവും പ്രഖ്യാാപിച്ചിട്ടുണ്ട്.എന്നാല്‍ ഈ പ്രവൃത്തി ഒരു വലിയ കാര്യമല്ലെന്നും ഒരു പോലീസുകാരന്‍ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട കാര്യമാമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
Leave a Reply