കണ്ണൂർ: കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറെ കവർച്ചക്കാർ കുത്തിക്കൊന്ന സംഭവത്തിൽ പൊലിസിന് ഗുരുതര വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമാവുന്നു. സംഭവമറിഞ്ഞിട്ടും കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെ ലോറി ഡ്രൈവർ കണിച്ചാർ പൂളക്കുറ്റി സ്വദേശി ജിന്റോ ( 39 ) വീണു കിടക്കുന്ന സ്ഥലത്ത് പൊലിസ് എത്താൻ വൈകിയെന്നാണ് ആരോപണം. കൃത്യമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ ജിന്റോ രക്ഷപ്പെടുമായിരുന്നു.

റെയിൽവെ സ്റ്റേഷൻ കിഴക്കെ കവാടത്തിന് അഭിമുഖമായുള്ള യുദ്ധ സ്മാരകത്തിന് സമീപമാണ് തുടയിൽ മാരകമായ കുത്തേറ്റു ചോര വാർന്നൊഴുകിയ നിലയിൽ ജിന്റോ വീണു കിടന്നത്. സംഭവം നേരിൽ കണ്ട ഇതിനടുത്ത് രാത്രികാലങ്ങളിൽ ഭിക്ഷാടനത്തിനായി തമ്പടിക്കാറുള്ള ഒരു സ്ത്രി കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തി ഒരാൾ റോഡരികിൽ കുത്തേറ്റു കിടക്കുന്നതായി അറിയിച്ചിരുന്നുവെങ്കിലും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ ആട്ടിയോടിക്കുകയായിരുന്നു.

ഇതിനു ശേഷം ജിന്റോ മരണത്തോട് മല്ലിടുകയാണെന്ന് മനസിലാക്കിയ സ്ത്രീ വീണ്ടും പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും സമാനമായ അനുഭവം തന്നെ ആവർത്തിച്ചു. അപ്പോഴെക്കും ഏതാണ്ട് ഒരു മണിക്കൂറോളമായിരുന്നു. ചോര റോഡിലേക്ക് വാർന്നൊഴുകിയ ജിന്റോ ബോധരഹിതനായി മാറാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ട്രെയിനിറങ്ങി കിഴക്കെ കവാടത്തിലൂടെ വരികയായിരുന്ന ദമ്പതികൾ അവശ നിലയിൽ കിടക്കുന്ന ജിന്റോയെ കണ്ടത്. ഇവർ ഉടൻ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഭിക്ഷാടനം നടത്തിയ സ്ത്രീയുടെ സമാന അനുഭവം തന്നെയാണ് ഇവർക്കുമുണ്ടായത്.

എന്നാൽ ദമ്പതികൾ വിട്ടു കൊടുക്കാൻ തയ്യാറായില്ല അവർ ബഹളം വയ്ക്കുകയും ഡ്യുട്ടിയിലുണ്ടായിരുന്ന പൊലിസുകാരോട് തട്ടി കയറുകയും കമ്മിഷണർക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് മനസില്ലാമനസോടെ പൊലിസുകാർ സംഭവസ്ഥലത്തേക്കു വരികയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അപ്പോഴെക്കും അതീവ ഗുരുതരാവസ്ഥയിലായ ജിന്റോയുടെ ജീവൻ ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു. കണ്ണൂർ പൊലിസ് സ്റ്റേഷൻ, സായുധ പൊലിസ് ആസ്ഥാനം കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യാലയം, സായുധ സേന ക്യാംപ് ഓഫിസ്, വനിതാ പൊലിസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തു നിന്നാണ് കുത്തേറ്റു ഗുരുതരാവസ്ഥയിലായ ഒരു യുവാവ് പിടഞ്ഞുമരിച്ചതെന്ന കാര്യം ഗൗരവകരമായി ഉയർന്നു കഴിഞ്ഞിട്ടുണ്ട്.